ഡല്‍ഹി: വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങില്‍ പങ്കെടുത്ത് വിവാദപ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ ശാസിച്ച് സുപ്രീംകോടതി കൊളീജിയം. വിവാദ പരാമശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ജസ്റ്റിസ് യാദവിനോട് സുപ്രീംകോടതി കൊളീജിയം വ്യക്തമാക്കി. വഹിക്കുന്ന ഭരണഘടന പദവിയുടെ മാന്യത കാത്ത് സൂക്ഷിക്കണമെന്നും സുപ്രീംകോടതി കൊളീജിയം അലഹബാദ് ഹൈക്കോടതി ജഡ്ജിയോട് നിര്‍ദേശിച്ചു.
ഏകസിവില്‍കോഡിനെ പിന്തുണച്ച് ഡിസംബര്‍ എട്ടിന് വി.എച്ച്.പി. പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് ജസ്റ്റിസ് യാദവിന്റെ വിവാദ പരാമര്‍ശങ്ങളുണ്ടായത്. ഇത് ഹിന്ദുസ്ഥാനാണെന്നും ഭൂരിപക്ഷസമുദായത്തിന്റെ ആഗ്രഹപ്രകാരമാണ് ഇന്ത്യ പ്രവര്‍ത്തിക്കുകയെന്നുമാണ് ജസ്റ്റിസ് യാദവ് പറഞ്ഞത്. കുടുംബമായാലും സമൂഹമായാലും ഭൂരിപക്ഷത്തിന്റെ ആഗ്രഹമാണ് പരിഗണിക്കേണ്ടതെന്നുപറഞ്ഞ ജസ്റ്റിസ് യാദവ്, മുസ്ലിങ്ങള്‍ക്കെതിരേ ചിലര്‍ വളരെ മോശമായി ഉപയോഗിക്കാറുള്ള പദപ്രയോഗവും നടത്തി. മുസ്ലിങ്ങള്‍ രാജ്യത്തിന് അപകടകരമാണ്, അവര്‍ രാജ്യത്തിന് എതിരാണ്, രാജ്യപുരോഗതി ആഗ്രഹിക്കാത്തവരാണ്, അവരെ കരുതിയിരിക്കണം തുടങ്ങിയ പരാമര്‍ശങ്ങളും ജസ്റ്റിസ് യാദവില്‍നിന്നുണ്ടായി.