തിരുവനന്തപുരം: മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍, സര്‍ക്കാര്‍ വെട്ടിയ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ സംസ്ഥാന വിവരാവകാശ കമീഷന്‍ ഇന്ന് ഉത്തരവ് പുറപ്പെടുവിക്കില്ല.
ഒഴിവാക്കിയ പേജുകള്‍ പുറത്തുവിടുന്നതിനെതിരെ ഒരു പരാതി കൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പറയുന്നത് നീട്ടിവെച്ചത്. പരാതി പരിശോധിച്ചശേഷം നടപടിയെടുക്കുമെന്ന് കമീഷന്‍ അറിയിച്ചു. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനായി പണം അടപ്പിച്ചശേഷം അപേക്ഷകനെ അറിയിക്കാതെ അഞ്ച് പേജുകള്‍ രഹസ്യമാക്കി ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ‘മാധ്യമം’ ലേഖകന്‍ അനിരു അശോകന്‍ നല്‍കിയ അപ്പീലിലാണ് കമീഷന്‍ ഉത്തരവ് പറയുന്നത് നീട്ടിവെച്ചത്.
കമ്മിറ്റിക്ക് മൊഴിനല്‍കിയവരുടെ സ്വകാര്യവിവരങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നേരത്തേ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. റിപ്പോര്‍ട്ടിലെ 29 പാരഗ്രാഫുകള്‍ ഒഴിവാക്കണമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതിനുപുറമേ, റിപ്പോര്‍ട്ടിലെ 130 പാരഗ്രാഫുകള്‍കൂടി ഒഴിവാക്കിയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതിനെതിരേ നല്‍കിയ അപ്പീലിലാണ് നിര്‍ണായക ഉത്തരവ് പുറത്തുവിടാനിരുന്നത്.