ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ‘ഭക്തരെ തടയാന്‍ ആരാണ് അനുവാദം നല്‍കിയത്?വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: നടന്‍ ദിലീപിന് വി.ഐ.പി പരിഗണന നല്‍കി സന്നിധാനത്ത് ദര്‍ശനം അനുവദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ദിലീപിന്റെ വി.ഐ. പി ദര്‍ശനം ഗൗരവകരമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകള്‍ക്കുള്ളതെന്നും ചോദിച്ചു.

ദിലീപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ഭക്തര്‍ക്ക് തടസം നേരിട്ടുവെന്ന് മനസിലാക്കിയെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ദിലീപിന് സോപാനത്തിന് സമീപം ഹരിവരാസനം ചൊല്ലിത്തീരുന്നത് വരെ ദര്‍ശനത്തിന് അവസരമൊരുക്കിയതിനെതിരെ ദേവസ്വം ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദൃശ്യങ്ങള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു. ദൃശ്യങ്ങള്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് തുറന്ന കോടതിയില്‍ വെച്ച് ജസ്റ്റീസ് അനില്‍ കെ നരേന്ദ്രന്‍ പരിശോധിച്ചു കൊണ്ടിരിക്കവേ ആയിരുന്നു കോടതിയുടെ പരാമര്‍ശം. ദിലീപിനായി മറ്റ് ഭക്തരെ തടഞ്ഞെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ഇവരെപ്പോലുള്ള ആളുകള്‍ക്ക് എന്തിന്റെ പേരിലാണ് പ്രത്യേക പരി?ഗണന നല്‍കുന്നത്? ഇത്തരം ആളുകള്‍ക്ക് പ്രത്യേക പരി?ഗണന നല്‍കുന്നതിന്റെ മാനദണ്ഡം എന്താണെന്നും കോടതി ചോദിച്ചു.

ദിലീപിന്റെ ദര്‍ശന സമയത്ത് ആദ്യത്തെ നിരയില്‍ ഒരുപാട് പേര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ അവരെ തടഞ്ഞാണ് ദിലീപിനെ അനുവദിച്ചത്. മറ്റ് ഭക്തരെ തടഞ്ഞുകൊണ്ട് ഇത്തരക്കാരെ അനുവദിക്കാന്‍ ആരാണ് അധികാരം നല്‍കിയതെന്നും ഈ വിഷയത്തില്‍ എന്ത് നടപടി എടുത്തെന്നും കോടതി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *