ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം ; വന്‍ പ്രതിഷേധം ,ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

ഇടുക്കി: കട്ടപ്പന റൂറല്‍ കോ – ഓപ്പറേറ്റീവ് ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കനത്ത പ്രതിഷേധം. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് സാബു എന്ന നിക്ഷേപകനാണ് ഇന്ന് രാവിലെ ബാങ്കിന് മുമ്പില്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പ്രതിഷേധിച്ചെത്തിയ സമരക്കാര്‍, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം മാറ്റാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ്. ബാങ്ക് പ്രസിഡന്റിനെയടക്കം അറസ്റ്റ് ചെയ്യാതെ പിന്മാറില്ലെന്ന് വ്യക്തമാക്കിയ സമരക്കാര്‍ നഗരത്തില്‍ ഹര്‍ത്താലും പ്രഖ്യാപിച്ചു. കട്ടപ്പന നഗരത്തില്‍ ഒരു മണി മുതല്‍ ഹര്‍ത്താന്‍ പ്രഖ്യാപിച്ചു. ബി ജെ പി – കോണ്‍ഗ്രസ് – വ്യാപാരി വ്യവസായി സംയുക്ത ഹര്‍ത്താലാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടുക്കി കട്ടപ്പനയില്‍ സഹകരണ ബാങ്കിന് മുന്നില്‍ സാബു എന്ന നിക്ഷേപകനെയാണ് ഇന്ന് രാവിലെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കില്‍ എത്തിയിരുന്നു. എന്നാല്‍ പണം തിരികെ ലഭിച്ചില്ല. ഇതേതുടര്‍ന്നാണ് സാബു ബാങ്കിന് മുന്നില്‍ ആത്മഹത്യ ചെയ്തതെന്നാണ് വ്യക്തമാകുന്നത്. ഇന്ന് രാവിലെ 7.30 ഓടെയാണ് സാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കട്ടപ്പനയില്‍ വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് സാബു. സഹകരണ ബാങ്കില്‍ സാബു 25 ലക്ഷത്തോളം രൂപയാണ് നിക്ഷേപിച്ചിരുന്നത്. ഈ പണം തിരിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ബാങ്ക് പ്രതിസന്ധിയിലായിരുന്നതിനാല്‍ മാസംതോറും നിശ്ചിത തുക നല്‍കാമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് തുക നല്‍കിയിരുന്നു. എന്നാല്‍, ഇന്നലെ ഭാര്യയുടെ ചികിത്സാര്‍ത്ഥമാണ് സാബു കൂടുതല്‍ തുക ആവശ്യപ്പെട്ട് ബാങ്കിലെത്തിയത്. തുടര്‍ന്ന് ജീവനക്കാരുമായി തര്‍ക്കമുണ്ടായിരുന്നു. പണം ലഭിക്കാതെ മടങ്ങിയ സാബുവിനെ ഇന്ന് രാവിലെ ബാങ്കിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സാബുവിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാന്‍സിന്റെ പോക്കറ്റില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദി ബാങ്കാണെന്നും ഭാര്യയുടെ ചികിത്സക്ക് പണം ചോദിച്ചപ്പോള്‍ കിട്ടിയില്ലെന്നും അപമാനിച്ചെന്നും മനംനൊന്താണ് ജീവനൊടുക്കുന്നതെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. എല്ലാവരും അറിയാന്‍ എന്ന് പറഞ്ഞുകൊണ്ടാണ് ആത്മഹത്യാക്കുറിപ്പ് സാബു എഴുതിയിരിക്കുന്നത്. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് സെക്രട്ടറിയും ജീവനക്കാരായ രണ്ടു പേരുമാണെന്നും ജീവിതകാലം മുഴുവന്‍ സമ്പാദിച്ച പണം നിക്ഷേപിച്ച ബാങ്കില്‍ നിന്ന് തന്റെ ഭാര്യയുടെ ചികിത്സക്കായി പണം ആവശ്യപ്പെട്ട് ചെന്നപ്പോള്‍ അപമാനിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *