‘ബോധപൂര്‍വ്വം സിനിമയിലെ പ്രധാന കാര്യം പറഞ്ഞാണ് റിവ്യു ചെയ്തിട്ടുള്ളത് ‘;നിയമപരമായി മുന്നോട്ടുപോകും : ജോജു ജോര്‍ജ്

പണി സിനിമയ്‌ക്കെതിരെ വിമര്‍ശനാത്മകമായ റിവ്യൂ പങ്കുവെച്ച റിവ്യൂവറെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി നടനും സംവിധായകനുമായ ജോജു ജോര്‍ജ്.

ഞാന്‍ ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ട് ഒരു ഫോണ്‍കോള്‍ പ്രചരിക്കുന്നുണ്ട്. അത് ഞാന്‍ തന്നെ വിളിച്ചതാണ്. ദയവായി ഇപ്പോള്‍ പറയുന്ന കാര്യങ്ങള്‍ നല്ല അര്‍ഥത്തില്‍ തന്നെ എടുക്കണം. ഒരുപാട് നെഗറ്റീവ് റിവ്യൂകള്‍ വന്നിട്ടുണ്ട്. അവരെ ആരെയും ഞാന്‍ വിളിച്ചിട്ടില്ല. അതെല്ലാം അഭിപ്രായ സ്വാതന്ത്ര്യമാണ്.

എന്റെ സിനിമ ഇഷ്ടമല്ല എങ്കില്‍ ഇഷ്ടമല്ല എന്നുതന്നെ പറയണം. പക്ഷേ ഈ കക്ഷി ഒരേ റിവ്യൂ ഒരുപാട് സ്ഥലങ്ങളില്‍ കോപ്പി പേസ്റ്റ് ചെയ്യുകയും അത് പ്രചരിപ്പിക്കുകയും കമന്റുകളില്‍ പലരോടും ഈ സിനിമ കാണരുത് എന്ന് എഴുതുകയും ചെയ്തിട്ടുള്ള ആളാണ്. ഈ സിനിമയെപ്പറ്റി മോശം പറഞ്ഞിട്ടുള്ള ഒരാളെപ്പോലും ഞാന്‍ വിളിച്ചിട്ടില്ല. റിവ്യൂവിന്റെ പേരിലല്ല അദ്ദേഹത്തെ വിളിച്ചത്. പക്ഷേ ഒരുപാട് സ്ഥലങ്ങളില്‍ ഇത് കോപ്പി പേസ്റ്റ് ചെയ്യപ്പെട്ടു. അത് ബോധപൂര്‍വ്വം ഒരാള്‍ ചെയ്യുന്നതാണ്. അപ്പോള്‍ അയാളോട് എനിക്ക് സംസാരിക്കണമെന്ന് തോന്നി. കാരണം എന്റെ രണ്ട് വര്‍ഷത്തെ അധ്വാനമാണ് ഈ സിനിമ. എനിക്ക് കിട്ടിയ രേഖകള്‍ വച്ചിട്ട് നിയമപരമായി ഞാന്‍ മുന്നോട്ട് പോവുക തന്നെ ചെയ്യും. ഒരു കഥയുടെ സ്പോയിലര്‍ പ്രചരിപ്പിക്കുക റിവ്യൂ ചെയ്യുന്ന ഒരാളും ചെയ്യാറില്ല. ഇതിലെ പ്രധാന കാര്യം പറഞ്ഞാണ് അയാള്‍ എഴുതിയിട്ടുള്ളത്’, ജോജു ജോര്‍ജ് വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

പണി എന്ന സിനിമയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടയാളെ ജോജു ജോര്‍ജ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ റെക്കോര്‍ഡിംഗ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ആദര്‍ശ് എച്ച് എസ് എന്നയാളെയാണ് സിനിമയെ വിമര്‍ശിച്ചതിന് ജോജു ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ആദര്‍ശ് തന്നെയാണ് ഇതിന്റെ ഓഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. മുന്നില്‍ വരാന്‍ ധൈര്യമുണ്ടോയെന്നും നേരില്‍ കാണാമെന്നുമൊക്കെ ജോജു ഫോണില്‍ ആദര്‍ശിനോട് പറയുന്നുണ്ട്.

എന്നാല്‍ സിനിമാ റിവ്യൂസ് താന്‍ സ്ഥിരം ചെയ്യാറുള്ളതാണെന്നും ജോജുവിനെപ്പോലെ ഒരാള്‍ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും ആദര്‍ശും വ്യക്തമാക്കുന്നു. ഓഡിയോ വൈറല്‍ ആയതിന് പിന്നാലെ വിശദീകരണവുമായി ജോജു രംഗത്തെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *