ഡല്‍ഹി: ജഡ്ജിമാര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സുപ്രീം കോടതി. വിധിന്യായങ്ങളില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുതെന്നും ജഡ്ജിമാര്‍ക്ക് ആഹ്ളാദ പ്രകടനം നടത്താനുള്ള സ്ഥാനമില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എന്‍. കോടീശ്വരന്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് പരാമര്‍ശം. മധ്യപ്രദേശ് ഹൈക്കോടതിയിലെ വനിതാ ജുഡീഷ്യല്‍ ഓഫീസര്‍മാരായ അതിഥി കുമാര്‍ ശര്‍മ, സരിത ചൗധരി എന്നിവരെ പിരിച്ചുവിട്ട കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ബെഞ്ചിന്റെ പരാമര്‍ശം.
അമിക്കസ് ക്യൂറിയായ മുതിര്‍ന്ന അഭിഭാഷകന്‍ ഗൗരവ് അഗര്‍വാള്‍ മധ്യപ്രദേശ് ഹൈക്കോടതിയിലെ വനിതാ ജുഡീഷ്യല്‍ ഓഫീസര്‍ക്കെതിരെ ബെഞ്ചിന് മുമ്പാകെ ഹരജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് പരാമര്‍ശം.
‘ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഫേസ്ബുക്കില്‍ വേണ്ട, ഒരു കോടതിവിധിയെയും കുറിച്ച് അവര്‍ അഭിപ്രായപ്പെടേണ്ട. സോഷ്യല്‍ മീഡിയ ഒരു തുറന്ന പ്ലാറ്റ്‌ഫോമാണ്. നിങ്ങള്‍ ഒരു ‘യോഗി’യെപ്പോലെ ജീവിക്കുകയും കുതിരയെപ്പോലെ ജോലി ചെയ്യുകയും വേണം. അത്രയ്ക്കും ത്യാഗം ജുഡീഷ്യല്‍ ഓഫിസര്‍മാര്‍ ചെയ്യേണ്ടതുണ്ട്…’; കോടതി നിരീക്ഷിച്ചു.
ആറ് വനിതാ ജഡ്ജിമാരാണ്, മോശം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍, മധ്യപ്രദേശില്‍ പിരിച്ചുവിടപ്പെട്ടത്. ഇവരില്‍ നാല് പേരെ മധ്യപ്രദേശ് ഹൈക്കോടതി ചില നിബന്ധനകള്‍ വെച്ചുകൊണ്ട് തിരിച്ചെടുത്തു. എന്നാല്‍ രണ്ട് പേരെ തിരിച്ചെടുത്തുമില്ല. ഇവരുടെ കാര്യം പരിഗണിക്കവെയാണ് സുപ്രീംകോടതി ഇത്തരത്തിലൊരു വാക്കാല്‍ പരാമര്‍ശം നടത്തിയത്.
ജുഡീഷ്യല്‍ ഓഫീസറോ ജുഡീഷ്യറി സംബന്ധമായ ഏതെങ്കിലും ജോലി ചെയ്യുന്ന വ്യക്തിയോ ആണെങ്കില്‍ ഫേസ് ബുക്ക് ഉപയോഗം നിയന്ത്രിക്കണമെന്നും വ്യക്തമാക്കി.