കോഴിക്കോട്: കാഫിര്‍ വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് സിപിഐഎം നേതാവ് കെ കെ ലതിക. നിയമപരമായി തെളിയിക്കും. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വര്‍ഗീയ പ്രചരണം നടത്തി. വീടുകള്‍ കയറി വര്‍ഗീയ വിഭജനം നടത്തിയെന്നും കെ കെ ലതിക പറഞ്ഞു. ഇടത്പക്ഷത്തെ ഒരാള്‍ക്കും സ്‌ക്രീന്‍ ഷോട്ട് വിഷയത്തില്‍ പങ്കുണ്ടാകില്ല. സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം റിബേഷ് പറയാത്തതിന് കാരണങ്ങള്‍ ഉണ്ടാകും. വര്‍ഗീയമായ പ്രചരണം നടത്തരുതെന്ന് കൃത്യമായ നിര്‍ദേശം ഉണ്ടായിരുന്നുവെന്നും കെ കെ ലതിക കൂട്ടിച്ചേര്‍ത്തു.
വിവാദമായ വ്യാജ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ കെ കെ ലതിക ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. വിവാദങ്ങള്‍ ഉണ്ടായപ്പോഴും പിന്‍വലിക്കാതിരുന്ന പോസ്റ്റ് പിന്നീട് വിമര്‍ശനമുയര്‍ന്നതോടെയാണ് പിന്‍വലിച്ചത്. ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം ലഭിച്ചത് റെഡ് എന്‍കൗണ്ടര്‍ വാട്‌സ് ആപ് ഗ്രൂപ്പിലാണെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷാണ് ഈ ഗ്രൂപ്പില്‍ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തത്. ഇത് കണ്ടെത്തിയ പൊലീസ് റിബേഷിനെ ചോദ്യം ചെയ്തിരുന്നു. സ്‌ക്രീന്‍ഷോട്ടിന്റെ ഉറവിടം അറിയില്ലെന്നാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞത്. റിബേഷിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.