ബെംഗളൂരു: കര്‍ണാടക നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. ഉപതിരഞ്ഞെടുപ്പ് നടന്ന ചന്നപട്ടണയും ഷിഗാവും കോണ്‍ഗ്രസ് പിടിച്ചെടുത്തു. സന്ദീര്‍ സിറ്റിംഗ് സീറ്റും കോണ്‍ഗ്രസ് നിലനിര്‍ത്തി. ചന്നപട്ടണയില്‍ സി പി യോഗേശ്വറും ഷിഗാവില്‍ യൂസഫ് ഖാന്‍ പത്താനും സന്തൂറില്‍ ഇ അന്നപൂര്‍ണയുമാണ് ജയിച്ചത്.
അതേസമയം, മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്ക് കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ പരാജയം. മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മകനായ ഭരത് ബൊമ്മൈയും മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകനായ നിഖില്‍ കുമാരസ്വാമിയുമാണ് കര്‍ണാടകയില്‍ പരാജയപ്പെട്ടത്. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകന്‍ കൂടിയാണ് നിഖില്‍ കുമാരസ്വാമി.ഷിഗ്ഗോണ്‍, ചന്നപ ട്ടണ എന്നീ മണ്ഡലങ്ങളിലാണ് ഇവര്‍ മത്സരിച്ചത്.
ഷിഗ്ഗോണില്‍ 13448 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പത്താന്‍ യാസിറഹ്‌മദ്ഖാനാണ് ജയിച്ചത്. 100756 വോട്ടുകളാണ് പത്താന്‍ യാസിറഹ്‌മദ്ഖാന്‍ ഷിഗ്ഗോണില്‍ നേടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഭരത് ബൊമ്മൈ 87308 വോട്ടുകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
112642 വോട്ടുകളുമായി കോണ്‍ഗ്രസിന്റെ സി.പി. യോഗീശ്വരയാണ് ചന്നപട്ടണ സീറ്റ് ഉറപ്പിച്ചത്. 25413 വോട്ടിന്റെ ഭൂരിപക്ഷവുമായാണ് അദ്ദേഹം ചന്നപട്ടണയില്‍ സ്ഥാനമുറപ്പിച്ചത്. ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയായ നിഖില്‍ കുമാരസ്വാമി 87229 വോട്ടുകളുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. സണ്ടൂറാണ് തെരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലം. സണ്ടൂരില്‍ കോണ്‍ഗ്രസിന്റെ ഇ. അന്നപൂര്‍ണ 9649 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.