മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും കിട്ടാത്ത സൗകര്യം സുരേഷ് ഗോപിക്ക് ഒരുക്കി ;അടിയന്തര പ്രമേയ ചര്‍ച്ചയില്‍ തിരുവഞ്ചൂര്‍

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. സി.പി.എം നേതാവും ലോക്‌സഭ സ്ഥാനാര്‍ഥിയുമായിരുന്ന വി.എസ് സുനില്‍ കുമാറിന് കൊടുക്കാത്ത പ്രാധാന്യം ബി.ജെ.പി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിക്ക് സര്‍ക്കാര്‍ നല്‍കിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. ഇത് സുരേഷ് ഗോപിയെ വിജയിപ്പിക്കാനാണെന്നും അടിയന്തര പ്രമേയം അവതരിച്ച തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.

സുരേഷ് ഗോപിയെ കൊണ്ടുവന്നത് പൂരം കലക്കാനാണ്. പോലീസിന്റെ സഹായമില്ലാതെ ആംബുലന്‍സില്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിക്ക് പൂരപ്പറമ്പിലേക്ക് എത്താന്‍ കഴിയില്ല. എഡിജിപി എം.ആര്‍.അജിത് കുമാര്‍ ഉത്തരവ് നല്‍കാതെ ഇതിന് പോലീസ് അനുമതി നല്‍കുമോ? സുരേഷ് ?ഗോപിക്ക് വഴിവെട്ടിക്കൊടുക്കുകയാണ് എഡിജിപി ചെയ്തത്’- അദ്ദേഹം വിമര്‍ശിച്ചു.

മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും കിട്ടാത്ത സൗകര്യം അവിടെ സുരേഷ് ഗോപിക്ക് ഒരുക്കി.ജൂനിയറായ അങ്കിത് അശോകിനെ പൂരം നടത്തിപ്പ് ഏല്‍പ്പിച്ചതാരെന്ന് ചോദിച്ച തിരുവഞ്ചൂര്‍, ജനങ്ങളെ പൊലീസ് ശത്രുതയോടെ കണ്ടുവെന്നും പറഞ്ഞു.

പൂരം കലക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നത് അഞ്ച് മാസം കഴിഞ്ഞാണ്. പൂരം കലങ്ങിയ സംഭവത്തില്‍ സത്യം പുറത്തുവരണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇതിനായി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *