പേരാമ്പ്ര: രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് വിജയിച്ചത് മുസ്‌ലിം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന സി.പി.എം പി.ബി അംഗം എ. വിജയരാഘവന്റെ പ്രസ്താവനക്കെതിരെ മുസ് ലിം ലീഗ് നേതാവ് കെ.എം ഷാജി. വിജയരാഘവന്‍ വര്‍ഗീയ രാഘവനാണെന്നും വാ തുറന്നാല്‍ വര്‍ഗീയത മാത്രമാണ് പറയുന്നതെന്നും കെ എം ഷാജി പറഞ്ഞു. ആര്‍എസ്എസ് പോലും പറയാന്‍ മടിക്കുന്നതാണ് വിജയരാഘവന്‍ പറയുന്നത്. എ വിജയരാഘവനും പി മോഹനനും വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുകയാണ്.
മുസ് ലിം ലീഗ് ആണ് അവര്‍ക്ക് പ്രശ്‌നം. ലീഗിനെ എങ്ങനെ നന്നാക്കി എടുക്കാമെന്ന ചിന്തയിലാണ് പിണറായി വിജയനും കൂട്ടരും.
‘ലീഗും മുസ് ലിംകളും മാത്രം നന്നായാല്‍ മതിയോ?. ഈ നാടിന്റെ മണ്ണിന് ഒരു ചരിത്രമുണ്ട്. മുസ് ലിംകളും ഹിന്ദുക്കളും അടക്കമുള്ള മനുഷ്യര്‍ എത്ര സ്‌നേഹത്തോടെ ഒരുമിച്ച് കഴിയുന്ന നാടാണ് കേരളം. ഇസ്ലാമോഫോബിയ വളര്‍ത്താനുള്ള ആസൂത്രിത നീക്കമാണ് സിപിഐഎം നടത്തുന്നതെന്നും കെ എം ഷാജി പറഞ്ഞു.
കാക്കി ട്രൗസറിട്ട് വടിയും പിടിച്ച് ആര്‍.എസ്.എസ് ശാഖയില്‍ പോയി നില്‍ക്കുന്നതാണ് കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനന് നല്ലത്’. – കെ.എം ഷാജി ചൂണ്ടിക്കാട്ടി.
‘മുസ് ലിം വോട്ട് കിട്ടാനുള്ള എല്ലാ കളികളും കളിച്ചു. സമസ്തയില്‍ പിളര്‍പ്പുണ്ടാക്കാന്‍ നോക്കി. ലീഗിനെ മുസ് ലിം സംഘടനക്കുള്ളില്‍ എതിരാക്കാന്‍ ശ്രമിച്ചു. എന്‍.ആര്‍.സി സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തു. സിറാജിലും സുപ്രഭാതത്തിലും പരസ്യം നല്‍കിയെന്നും കളിക്കാവുന്ന എല്ലാ വൃത്തികെട്ട കളികളും കളിച്ചു എന്നും ഷാജി പറഞ്ഞു.