ഇരിങ്ങാലക്കുട: കൊടകര കള്ളപ്പണക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട സെഷന്‍സ് കോടതി. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കോടതി ഉത്തരവ്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണം. ബിജെപിയുടെ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ബിജെപി നേതാക്കള്‍ ബിജെപി ഓഫീസുമായി കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടന്നു എന്നുള്ളതാണ് സതീഷിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നത്. കൊടകരയില്‍ വെച്ച് പണം കവര്‍ച്ച ചെയ്യപ്പെട്ട കേസാണ് കൊടകര കുഴല്‍പ്പണ കേസ്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആറ് ചാക്കുകളിലാക്കിയായിരുന്നു കൊണ്ടുവന്നിരുന്നത്. കേസിലെ മുഖ്യസാക്ഷിയായ ധര്‍മരാജനാണ് പണം കൊണ്ടുവന്നത് തുടങ്ങിയ വെളിപ്പെടുത്തലുകളായിരുന്നു വന്നത്. കൊടകര കള്ളപ്പണക്കേസില്‍ പ്രധാന ആരോപണം നേരിടുന്നത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ്.