കൊല്‍ക്കത്ത: പിജി ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ നുണ പരിശോധന നടത്തും. സന്ദീപ് ഘോഷ് ഉള്‍പ്പെടെ അഞ്ചുപേരുടെ നുണപരിശോധനയ്ക്ക് കോടതിയുടെ അനുമതി ലഭിച്ചു. കൊലപാതകത്തിന് ശേഷമുള്ള ആശുപത്രി നടപടികള്‍ സംബന്ധിച്ച് സിബിഐ സംശയം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നുണപരിശോധനയ്ക്ക് അനുമതി തേടിയത്.
പിജി ഡോക്ടര്‍ കൊല്ലപ്പെട്ട ദിവസം ഡ്യൂട്ടിയിലുണ്ടായ അഞ്ചു ഡോക്ടര്‍മാരെയായിരിക്കും നുണപരിശോധനയ്ക്ക് വിധേയരാക്കുക. ചോദ്യം ചെയ്യലിനിടെ സന്ദീപ് ഘോഷ് നല്‍കിയ മറുപടിയില്‍ തൃപ്തരല്ലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. 2021 ജനുവരി മുതല്‍ ആശുപത്രിയില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. സന്ദീപ് ഘോഷിനെ തുടര്‍ച്ചയായി ചോദ്യം ചെയ്ത സാഹചര്യത്തിലായിരുന്നു ഈ നീക്കം. സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ എസ്‌ഐടി രൂപീകരിച്ചിട്ടുണ്ടെന്നും ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.