ആര്യ രാജേന്ദ്രനെ മേയറാക്കിയത് ആന മണ്ടത്തരം ;നേതാക്കള്‍ ആത്മകഥ എഴുതരുത് ;കൊല്ലം ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

കൊല്ലം: സി.പി.എം നേതൃത്വത്തിനെതിരെ കൊല്ലം ജില്ല സമ്മേളനത്തില്‍ പ്രതിനിധികളുടെ രുക്ഷവിമര്‍ശനം. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ രാജ്യസഭ എം.പി എ.എ റഹീമിനും എതിരെ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ആര്യ രാജേന്ദ്രനെ തിരുവനന്തപുരം മേയറാക്കിയത് ആന മണ്ടത്തരമാണെന്നും പക്വതയില്ലാത്ത ആര്യയുടെ പെരുമാറ്റം ഇപ്പോള്‍ മാത്രമല്ല, ഭാവിയിലും പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന് പ്രതിനിധികള്‍ ആരോപിച്ചു.

എ.എ റഹീമിന്റെ രാജ്യസഭയിലെ പ്രകടനം പരിതാപകരമെന്നും വിമര്‍ശനം ഉയര്‍ന്നു.

സന്ദീപ് വാര്യരെ നല്ല സഖാവാക്കാന്‍ നോക്കിയെന്നും സന്ദീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ വര്‍ഗീയ പരസ്യം നല്‍കിയത് എന്തിനാണെന്നും പ്രതിനിധികളില്‍ നിന്ന് ചോദ്യം ഉയര്‍ന്നു.

പൊലീസ് സ്റ്റേഷനില്‍ പോയാല്‍ സി.പി.എമ്മുകാരെ ആട്ടിയോടിക്കുകയാണ്. കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുമുള്ള പരിഗണന പോലും സി.പി.എം പ്രവര്‍ത്തകര്‍ക്ക് കിട്ടുന്നില്ലെന്നുമാണ് വിമര്‍ശനം. വിവരക്കേട് പറയുന്നവരെ വിരമിക്കല്‍ പ്രായം നോക്കാതെ പുറത്താക്കണം.

നേതാക്കള്‍ ആത്മകഥ എഴുതരുതെന്ന് കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്റെ ആത്മകഥാ വിവാദം ചൂണ്ടിക്കാട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ കൊട്ടിയാഘോഷിച്ചു തുടങ്ങിയ കെ ഫോണ്‍ പദ്ധതിയുടെ അവസ്ഥ എന്താണെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്ന ആവശ്യവും പ്രതിനിധികള്‍ ഉയര്‍ത്തി. നേതാക്കളുടെ ജാഡയും മസിലുപിടിത്തവും ആണോ കമ്മ്യൂണിസ്റ്റ് ശൈലിയെന്നും പ്രതിനിധികള്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *