മലപ്പുറം: സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പാലക്കാട്ടെ സിപിഎം പത്ര പരസ്യം ബി.ജെ.പിയെ ജയിപ്പിക്കാനാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരാള്‍ ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ പോയതിന് സിപിഎം എന്തിനാണ് കരയുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.
സന്ദീപ് വാര്യര്‍ക്കെതിരെ പത്രത്തില്‍ കൊടുത്തത് വര്‍ഗീയ പരസ്യമാണ്. ന്യൂനപക്ഷങ്ങള്‍ നടത്തുന്ന പത്രങ്ങളില്‍ മാത്രമാണ് പരസ്യം നല്‍കിയത്.ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കാന്‍ കഴിയുമോയെന്ന് സി.പി.എം ശ്രമിക്കുകയാണ്.
പാണക്കാട് തങ്ങള്‍മാര്‍ നാടിന് മത സൗഹാര്‍ദ്ദം മാത്രം നല്‍കിയവരാണ്. മുനമ്പം വിഷയം പരിഹരിക്കുന്ന നായകനാണ് സാദിഖലി ശിഹാബ് തങ്ങള്‍. ഈ വിഷയത്തില്‍ സാദിഖലി തങ്ങളുടെ ഇടപെടല്‍ ചര്‍ച്ചയാവാതെയിരിക്കാനാണ് മുഖ്യമന്ത്രി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.