ആലപ്പുഴ: പുന്നപ്രയില്‍ വീണ്ടും കുറുവ സംഘം എത്തിയതായി റിപ്പോര്‍ട്ടുകള്‍. പുന്നപ്ര വടക്ക് പഞ്ചായത്ത് ആറാം വാര്‍ഡില്‍ മോഷ്ടാവിനെ കണ്ട പുന്നപ്ര വടക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് പ്ലാംപറമ്പില്‍ വിപിന്‍ ബോസിന് (26) ഏറ്റുമുട്ടലില്‍ പരിക്കേറ്റു.
വടക്കന്‍ പറവൂര്‍ കുമാരമംഗലത്തെ അഞ്ച് വീടുകളില്‍ കവര്‍ച്ച നടത്താനാണ് സംഘം എത്തിയതെന്നാണ് വിവരം. ഭക്ഷണം വാങ്ങാന്‍ വേണ്ടി വീടിന് പുറത്തിറങ്ങിയതായിരുന്നു വിപിന്‍. ഈ സമയം ശബ്ദം കേട്ട് നോക്കിയപ്പോള്‍ ബര്‍മൂഡയിട്ട്, മുഖം തോര്‍ത്തുകൊണ്ട് മറച്ചയൊരാളെ കണ്ടു. ഇതുകണ്ടതും കളരിപ്പയറ്റ് പരിശീലകനായ വിപിന്‍ കള്ളനെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കൈയിലെ ഇടിവള കൊണ്ട് മോഷ്ടാവ് വിപിന്റെ മൂക്കിലിടിക്കുകയും തമിഴില്‍ എന്തൊക്കെയെ പറയുകയും ചെയ്തു. കൂടാതെ പോക്കറ്റില്‍ നിന്ന് കല്ലുപോലത്തെ ഒരു സാധനമെടുത്ത് മുഖത്തിടിച്ചു. ഇതിനിടയില്‍ മോഷ്ടാവിന്റെ മുഖം മറച്ചിരുന്ന തോര്‍ത്ത് അഴിഞ്ഞുവീണു. ഇയാളുടെ മുഖം വിപിന്‍ വ്യക്തമായി കണ്ടിട്ടുണ്ട്.
മോഷ്ടാവ് അതിവേഗം മതില്‍ചാടി രക്ഷപ്പെട്ടു. വിപിന്‍ വിളിച്ചറിയിച്ചതനുസരിച്ച് പുന്നപ്ര പോലീസും സംഘവും ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി.
കൂടാതെ രണ്ടംഗ കുറവാ സംഘാംഗങ്ങള്‍ ഓടിപ്പോകുന്ന ദൃശ്യം പ്രദേശത്തെ സിസിടിവിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. വീടുകളില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടില്ല. പ്രദേശത്ത് രണ്ടാം തവണയാണ് കുറുവ സംഘത്തിന്റെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.