കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു

ആലപ്പുഴ: കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലാല്‍ വര്‍ഗീസ് കല്‍പകവാടി (70) അന്തരിച്ചു. ഞായറാഴ്ച രാത്രി 8.45ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കെ.പി.സി.സി അംഗമാണ്. ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് വര്‍ഗീസ് വൈദ്യന്റെ മകനാണ് ലാല്‍. 1980ല്‍ കോണ്‍ഗ്രസിന്റെ കര്‍ഷക സംഘടനയായ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ട്രഷറര്‍ ആയി. കര്‍ഷക കോണ്‍ഗ്രസില്‍തന്നെ കഴിഞ്ഞ 45 വര്‍ഷമായി ഉറച്ചുനിന്നു. സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, 17 വര്‍ഷം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ കര്‍ഷകര്‍ക്കുവേണ്ടി പോരാട്ടം നടത്തി. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ കര്‍ഷക സംഘടന രൂപവത്കരിക്കുന്നതിന് അദ്ദേഹത്തെ 2016ല്‍ കിസാന്‍ കോണ്‍ഗ്രസ് ദേശീയ കോഓഡിനേറ്റര്‍ ആയി എ.ഐ.സി.സി നിയമിച്ചു. 2021ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി രാജ്യസഭയിലേക്ക് മത്സരിച്ചു.

ഭാര്യ: സുശീല ജേക്കബ്. മകന്‍: അമ്പു വര്‍ഗീസ് വൈദ്യന്‍.

Leave a Reply

Your email address will not be published. Required fields are marked *