ലബനാനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നില്‍ ഇസ്രയേലാണെന്ന് ആരോപണം

ബെയ്‌റൂത്ത്: ലബനാനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. മൂവായിരത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ 200 പേരുടെ നില ഗുരുതരമായി തുടരുകയാണ്. പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈലാണെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല അറിയിച്ചു. ലബനാനില്‍ പൊട്ടിത്തെറിച്ച പേജറുകള്‍ ‘ഗോള്‍ഡ് അപ്പോളോ’ എന്ന കമ്പനിയുടെ പേജറുകളാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ തായ്വാനില്‍ നിന്നാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തിരിക്കുന്നത്.

ആക്രമണത്തിന് പൂര്‍ണ ഉത്തരവാദി ഇസ്രയേലാണെന്ന് ഹിസ്ബുള്ള ആരോപിച്ചു. അവര്‍ക്ക് തക്കശിക്ഷ നല്‍കുമെന്നും പറഞ്ഞു. ഇസ്രയേല്‍ ട്രാക്ക് ചെയ്യുമെന്ന് പറഞ്ഞ് സെല്‍ഫോണുകളുപയോഗിക്കരുതെന്ന് സംഘാംഗങ്ങള്‍ക്ക് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. അതാണ് പേജര്‍ ഉപയോഗം വ്യാപകമാകാനുള്ള കാരണമെന്നു കരുതുന്നു.

ഇത്രയും വിപുലമായരീതിയില്‍ ഒരേസമയം ആക്രമണം നടത്തണമെങ്കില്‍ ഒന്നിലധികം രാജ്യങ്ങളുടെയോ സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ പിന്തുണ ഇസ്രയേലിന് കിട്ടിയിരിക്കണമെന്ന് സൈനികവിദഗ്ധനായ എലിജ് മാഗ്‌നിയര്‍ പറയുന്നു. ആക്രമണം നടത്തിയത് ഇസ്രയേലാണെങ്കില്‍ അതിനായി അവരുടെ ചാരസംഘടനയായ മൊസാദ് പേജറുകളുടെ ഉത്പാദന-വിതരണ സമയംമുതലുള്ള ഘട്ടങ്ങളില്‍തന്നെ ഇടപെട്ടിട്ടുണ്ടെന്നുവേണം അനുമാനിക്കാന്‍.

Leave a Reply

Your email address will not be published. Required fields are marked *