വ്യക്തമായ ആലോചനയ്ക്ക് ശേഷമാണ് ബി.ജെ.പിയിലേക്ക് പോകുന്നത് ; സി.പി.എം വിട്ട മധു മുല്ലശ്ശേരി

തിരുവനന്തപുരം: സി.പി.എമ്മില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ താന്‍ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായിരുന്നുവെന്നും നാളെ രാവിലെ 10 മണിക്ക് ബി.ജെ.പി ഓഫിസില്‍ വെച്ച് അംഗത്വം സ്വീകരിക്കുമെന്നും സി.പി.എം വിട്ട മധു മുല്ലശ്ശേരി. മകനടക്കം നിരവധി പേര്‍ ബി.ജെ.പിയിലേക്ക് എത്തുമെന്നും മധു മാധ്യമങ്ങളോട് പറഞ്ഞു. മധുവിന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ എന്നിവര്‍ മധുവിനെ ഷാളണിയിച്ച് സ്വീകരിച്ചു.

ഏരിയ സെക്രട്ടറി സ്ഥാനം നല്‍കിയില്ല എന്നതുകൊണ്ടല്ല സി.പി.എം വിട്ടതെന്നും സ്ഥാനം ലഭിച്ചിരുന്നെങ്കിലും പോകുമായിരുന്നുവെന്നും മധു പറഞ്ഞു.

വ്യക്തമായ ആലോചനയ്ക്ക് ശേഷമാണ് ബി.ജെ.പിയിലേക്ക് പോകുന്നത്. പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് നാളെ സ്വീകരിക്കും. സംസ്ഥാന കാര്യാലയത്തില്‍ എത്തി അധ്യക്ഷന്‍ കെ. സുരേന്ദ്രനില്‍ നിന്ന് പ്രാഥമിക അംഗത്വം സ്വീകരിക്കും.

തനിക്കെതിരെയുള്ള സാമ്പത്തിക ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഇന്നലെവരെ ആരും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോഴാണ് സാമ്പത്തിക ആരോപണം ഉടലെടുത്തത്’ -മധു മുല്ലശ്ശേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *