മുംബൈ: അനിശ്ചിതത്വത്തിന് ഒടുവില്‍ മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നവിസിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. ബുധനാഴ്ച ചേര്‍ന്ന ബി.ജെ.പി. നിയമസഭാകക്ഷിയോഗം ഫഡ്നവിസിനെ ഐകകണ്ഠ്യേന നേതാവായി തിരഞ്ഞെടുത്തു. ആസാദ് മൈതാനിയില്‍ വൈകുന്നേരം അഞ്ചരയ്ക്കാണ് സത്യപ്രതിജ്ഞ.
ശിവസേന നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഏക്നാഥ്ഷിന്ദേ, എന്‍.സി.പി. നേതാവ് അജിത്പവാര്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായി ചുമതലയേല്‍ക്കും. സംസ്ഥാനത്തിന്റെ 21-ാമത്തെ മുഖ്യമന്ത്രിയാണ് 54-കാരനായ ഫഡ്നവിസ്. മൂന്നാംതവണയാണ് അദ്ദേഹം മുഖ്യമന്ത്രിയാകുന്നത്.
നവംബര്‍ 23-ന് തിരഞ്ഞെടുപ്പുഫലം വന്നെങ്കിലും മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവകാശമുന്നയിച്ച് ഏക്നാഥ്ഷിന്ദേ രംഗത്തുവന്നതോടെയാണ് സര്‍ക്കാര്‍ രൂപവത്കരണം നീണ്ടുപോയത്.