മഹാരാഷ്ട്രയില്‍ നഴ്‌സറി കുട്ടികളെ പീഡിപ്പിച്ച സംഭവം:പ്രതിയെ റിമാന്‍ഡ് ചെയ്തു ;മേഖലയില്‍ റദ്ദാക്കിയ ഇന്റര്‍നെറ്റ് സംവിധാനം പുനഃസ്ഥാപിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള ബദലാപുരില്‍ കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ സ്‌കൂളിലെ കരാര്‍ ജീവനക്കാരനെ മൂന്ന് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്താനായി പ്രത്യേക സംഘത്തെ അയക്കുമെന്ന് ദേശീയ ബാലാവകാശ കമീഷന്‍ അറിയിച്ചു. കുറ്റകൃത്യം മറച്ചുവെക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രമിച്ചതായി കമീഷന്‍ അധ്യക്ഷന്‍ പ്രിയങ്ക് കനുങ്കോ പറഞ്ഞു.

വ്യാപക അക്രമ സംഭവങ്ങളെ തുടര്‍ന്ന് ചൊവ്വാഴ്ച മേഖലയില്‍ റദ്ദാക്കിയ ഇന്റര്‍നെറ്റ് സംവിധാനം ഇന്ന് പുനഃസ്ഥാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ബദലാപുര്‍ റെയില്‍വേ സ്റ്റേഷനില്‍ ആയിരക്കണക്കിനു പേര്‍ സംഘടിച്ചെത്തി ട്രെയിന്‍ സര്‍വീസുകള്‍ തടഞ്ഞു. ഇതോടെ നിരവധി ലോക്കല്‍ ട്രെയിനുകള്‍ റദ്ദാക്കുകയും ദീര്‍ഘദൂര സര്‍വീസുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. ഒമ്പതു മണിക്കൂറിനു ശേഷമാണ് പൊലീസിന് പ്രതിഷേധക്കാരെ പിരിച്ചുവിടാനായത്.

മൂന്നും നാലും വയസ്സുള്ള പെണ്‍കുട്ടികളെ സ്‌കൂളിലെ തൂപ്പുകാരന്‍ പീഡിപ്പിച്ചെന്നാണ് കേസ്. ആഗസ്റ്റ് 13നാണ് രണ്ട് പെണ്‍കുട്ടികള്‍ സ്‌കൂളിലെ ശുചിമുറിയില്‍ അതിക്രമത്തിന് ഇരയായത്. ഇതില്‍ ഒരു പെണ്‍കുട്ടി 16ന് മാതാപിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തുവന്നത്. പിന്നാലെ ഇവര്‍ നല്‍കിയ കേസില്‍ പ്രതി അക്ഷയ് ഷിന്‍ഡെ 17ന് അറസ്റ്റിലായി. സംഭവത്തില്‍ വ്യാപക പ്രതിഷേധമുയരുകയും ആളുകള്‍ സംഘടിച്ചെത്തി സ്‌കൂള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.പരാതി നല്‍കി 12 മണിക്കൂറിനു ശേഷമാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കൂട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു. കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു.

സ്‌കൂള്‍ മാനേജ്‌മെന്റ് പ്രിന്‍സിപ്പലിനെയും ക്ലാസ് ടീച്ചറെയും ഫീമെയില്‍ അറ്റന്‍ഡന്റിനെയും സസ്‌പെന്‍ഡ് ചെയ്തു. കേസെടുക്കാന്‍ വൈകിയെന്ന ആരോപണത്തിനു പിന്നാലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപവത്കരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *