പനയമ്പാടം വളവില്‍ വാഹനം ഓടിച്ച് ഗണേഷ് കുമാറിന്റെ പരിശോധന; റോഡിന് അടിയന്തര നവീകരണം നടത്തുമെന്ന് മന്ത്രി

പാലക്കാട്: നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി മറിഞ്ഞ് നാല് കുട്ടികള്‍ മരിച്ച പനയമ്പാടത്ത് പരിശോധന നടത്തി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍. മന്ത്രി ഔദ്യോഗിക വാഹനം പനയമ്പാടം വളവിലെ പ്രശ്‌നബാധിത പ്രദേശത്ത് ഓടിച്ചുനോക്കി. റോഡിന് അടിയന്തിരമായ നവീകരണം ആവശ്യമുണ്ടെന്നും പണം ഹൈവേ അതോറിറ്റി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ റോഡ് സുരക്ഷ അതോറിറ്റിയുടെ പണം ഉപയോഗിച്ച് നവീകരണം നടത്തുമെന്ന് മന്ത്രി ഉറപ്പുനല്‍കി.

സംഭവസ്ഥലത്തെത്തിയ മന്ത്രി കോണ്‍ഗ്രസിന്റെ സമരപന്തലിലെത്തി സമരക്കാരോടും പ്രദേശവാസികളോടും പ്രശ്‌നങ്ങള്‍ ചോദിച്ചുമനസിലാക്കി. തുടര്‍ന്നാണ് റോഡിന്റെ പ്രശ്‌നം മനസിലാക്കുന്നതിനായി ഔദ്യോഗിക വാഹനം ഓടിച്ച് പരിശോധന നടത്തിയത്.

കയറ്റം കയറി വരുമ്പോള്‍ ജങ്ഷനോടടുക്കുന്നിടത്ത് നൈസ് ബേക്കറി മുതല്‍ ഓട്ടോ സ്റ്റാന്റ് വരെയുള്ള ഭാഗത്ത് വാഹനം ഓടിച്ചുവരുന്നയാള്‍ക്ക് സ്റ്റിയറിങ് വലത്തേക്ക് പിടിക്കാനുള്ള പ്രവണതയുണ്ട്. അപകടമേഖലയില്‍ ഡിവൈഡിങ് ലൈനിലേക്കുള്ള ദൂരം വളരെ കുറവാണ്. ഒരു വാഹനത്തിന് മാത്രമേ ഇതിലെ കടന്നുപോകാന്‍ കഴിയൂ. എന്നാല്‍ മറുവശത്ത് വീതി കൂടുതലാണ്. രണ്ട് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കും. പാലക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ സെന്‍ട്രല്‍ ലൈന്‍ പിടിക്കുമ്പോള്‍ വാഹനം വലത്തേക്ക് കയറി വരും. ഇത്തരത്തില്‍ വലത്തേക്ക് കയറി വന്ന വാഹനത്തിന്റെ പിന്‍ഭാഗം തട്ടിയാണ് ലോറി മറിഞ്ഞ് കുഞ്ഞുങ്ങളുടെ മരണത്തിന് ഇടയാക്കിയതെന്നും മന്ത്രി പ്രതികരിച്ചു.

റോഡ് മാര്‍ക്ക് മാറ്റി രണ്ടുമീറ്റര്‍ മാറ്റി ഡിവൈഡര്‍ വയ്ക്കുന്നതിനും ഓട്ടോ സ്റ്റാന്റ് ഇടതുവശത്തേക്ക് മാറ്റുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. റോഡിന് തെന്നലുള്ളതിന് സ്ഥിരമായ പരിഹാരം ആവശ്യമാണ്.

ഇനിയൊരു യോഗം ചേര്‍ന്ന് ആശങ്കകള്‍ ചര്‍ച്ച ചെയ്യും. നാഷണല്‍ ഹൈവേ അതോറിറ്റിക്ക് റോഡിന്റെ അപാകതകള്‍ പരിഹരിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായാല്‍ റോഡ് സേഫ്റ്റി യോഗം ചേര്‍ന്ന് ഫണ്ട് കണ്ടെത്തി പരിഹാരം കാണുമെന്നും മന്ത്രി ഉറപ്പുനല്‍കി.

Leave a Reply

Your email address will not be published. Required fields are marked *