വിദ്യാര്‍ഥിയെ കൊടിമരത്തില്‍ കയറ്റിയ സംഭവം; അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കലോത്സവ ഉദ്ഘാടനത്തിനിടെ വിദ്യാര്‍ത്ഥിയെ കൊടിമരത്തില്‍ കയറ്റിയ സംഭവം അന്വേഷിക്കാന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശിച്ചു.

തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിനിടെ നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് പതാക ഉയര്‍ത്തിയപ്പോള്‍, പതാക കയറില്‍ കുടുങ്ങിയിരുന്നു. ഇത് അഴിച്ചിറക്കാനാണ് സംഘാടകര്‍ പ്ലസ് ടു വിദ്യാര്‍ഥിയെ കൊടിമരത്തില്‍ കയറ്റിയത്.സംഭവത്തില്‍ ബാലാവകാശ കമ്മിഷനും കേസ് എടുത്തിട്ടുണ്ട്.

വിഷയത്തേക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിനാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ അപകടകരമായ ജോലിചെയ്യാന്‍ നിയോഗിച്ചതിലാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *