ഡല്‍ഹി: ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അയോധ്യ മോഡല്‍ തര്‍ക്കങ്ങള്‍ നടക്കുന്നതില്‍ വിമര്‍ശനവുമായി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. ഇത്തരത്തില്‍ ക്ഷേത്രങ്ങളില്‍ ഹിന്ദു നേതാക്കള്‍ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ അസ്വീകാര്യമാണെന്നും എന്നാല്‍ രാമക്ഷേത്രം ഒരു വികാരമായിരുന്നു എന്നുമാണ് മോഹന്‍ ഭഗവത്തിന്റെ പ്രസ്താവന.
വിവിധ വിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളും ഐക്യത്തോടെ നിലനില്‍ക്കുന്ന പ്രദേശത്തിന് ഉദാഹരണമാണ് ഇന്ത്യയെന്നും ഭാഗവത് പറഞ്ഞു. പൂണെയില്‍ വിശ്വഗുരു ഭാരത് എന്ന പരിപാടിയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് ആര്‍.എസ്.എസ് മേധാവിയുടെ പ്രതികരണം.
‘രാമക്ഷേത്രം വിശ്വാസത്തിന്റെ കാര്യമാണ്, അത് നിര്‍മിക്കപ്പെടണമെന്ന് ഹിന്ദുക്കള്‍ക്ക് തോന്നി. എന്നാല്‍ കേവലം വിദ്വേഷം കാരണം പുതിയ ചില സൈറ്റുകളെ കുറിച്ച് പ്രശ്നങ്ങള്‍ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ല,’ മോഹന്‍ ഭഗവത് പറഞ്ഞു.
കൂടാതെ മറ്റ് മതങ്ങളെ അധിക്ഷേപിക്കുന്നത് ഭാരതീയ സംസ്‌ക്കാരത്തിന്റെ ഭാഗമല്ലെന്നും അതിലുപരി എല്ലാവര്‍ക്കും അവരുടെ മതവിശ്വാസപ്രകാരം ആരാധന നടത്താന്‍ കഴിയണമെന്നും മോഹന്‍ ഭഗവത് കൂട്ടിച്ചേര്‍ത്തു.നിലവില്‍ ഉയര്‍ന്നുവന്ന തര്‍ക്ക വിഷയങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
യു.പി സംഭാലിലെ ഷാഹി ജുമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീര്‍ ഷെരീഫും ഉള്‍പ്പെടെയുള്ള മസ്ജിദുകള്‍ക്ക് നേരെ ഉയര്‍ന്ന തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് മോഹന്‍ ഭഗവത്തിന്റെ പ്രസ്താവന.