കൊച്ചി: ലൈംഗിക അതിക്രമ കേസില്‍ നടനും എം.എല്‍.എയുമായ എം. മുകേഷിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, നേരത്തെ അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. ചോദ്യം ചെയ്യല്‍ 1.15 വരെ നീണ്ടു. വടക്കാഞ്ചേരി പോലീസും മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.ചോദ്യം ചെയ്യലിന് ശേഷം വൈദ്യപരിശോധനക്കായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. വൈദ്യപരിശോധനക്ക് ശേഷം മുകേഷിനെ വിട്ടയക്കുകയായിരുന്നു. ചോദ്യംചെയ്യലിന് എത്തുമ്പോഴോ അതിനുശേഷം തിരികെ പോകുമ്പോഴോ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ മുകേഷ് തയാറായില്ല.