മുംബൈ:ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി കുടുംബം ഉള്‍പ്പെട്ടതായി സൂചന. കേരളത്തില്‍നിന്ന് വിനോദസഞ്ചാരത്തിനായി മുംബൈയില്‍ എത്തിയ മലയാളി ദമ്പതിമാര്‍ അപകടത്തില്‍പ്പെട്ടതായാണ് വിവരം.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളിയായ ആറു വയസുകാരന്‍ മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചതോടെയാണ് സംശയം ഉയര്‍ന്നത്. ഇവര്‍ കേരളത്തില്‍ നിന്ന് വിനോദസഞ്ചാരത്തിന് എത്തിയതാവാമെന്നാണ് പ്രാഥമിക നിഗമനം.
യാത്രയില്‍ മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നുവെന്ന് കുട്ടി പൊലീസിനെ അറിയിച്ചു. ഉറാനിലെ ജെ.എന്‍.പി.ടി ആശുപത്രിയിലാണ് കുട്ടി നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. കുട്ടിയുടെ മാതാപിതാക്കളെ മറ്റ് ഏതെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടോ എന്ന് അധികൃതര്‍ പരിശോധിച്ചു വരികയാണ്.
ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലേക്ക് പോയ നീല്‍കമല്‍ എന്ന യാത്ര ബോട്ടാണ് ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ അപകടത്തില്‍പ്പെട്ടത്. യാത്ര ബോട്ടിലേക്ക് ആറുപേര്‍ സഞ്ചരിച്ചിരുന്ന നാവികസേനയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറുകയായിരുന്നു. നൂറിലധികം പേരാണ് യാത്രാബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 13 പേര്‍ മരിക്കുകയും 101 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു.