‘കള്ളപ്പണം ഒഴുക്കി തിരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ് ബിജെപിയുടെ രീതി’;വിഷയത്തില്‍ സമഗ്ര അന്വേഷണം വേണം : എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ഇ.ഡി. അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എല്ലാം നടന്നത് ബി.ജെ.പി. നേതൃത്വം അറിഞ്ഞുകൊണ്ടാണെന്ന് ഈ വിഷയത്തില്‍ ശക്തമായ അന്വേഷണം നടക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘ഏതോ ഒരു സ്ഥലത്ത് വെച്ച് നടന്ന തട്ടിക്കൊണ്ടുപോകല്‍ മാത്രമല്ല, ബിജെപി ഓഫീസിലേക്ക് തന്നെ കോടിക്കണക്കിന് രൂപ ചാക്കില്‍ കെട്ടിയ കള്ളപ്പണം വിതരണം ചെയ്തതിനിടയില്‍ ഉണ്ടായ സംഭവമാണ് കൊടകര. ഏറ്റവും ശക്തിയായ കേന്ദ്രീകൃതമായ കള്ളപ്പണ വിതരണം കേരളത്തിലുടനീളം സംഘടിപ്പിച്ചിട്ടുണ്ട്. 41.6 കോടിയെ സംബന്ധിച്ചാണ് ഇപ്പോള്‍ പറയുന്നത്. അതില്‍ ഓരോ ഭാഗത്തേക്കും എത്തിച്ചിട്ടുള്ളതും അതിനടിസ്ഥാനപ്പെടുത്തി നടത്തിയിട്ടുള്ള എല്ലാ കാര്യങ്ങളും കേരളത്തിലെ ബി.ജെ.പി. നേതൃത്വം അറിഞ്ഞുകൊണ്ട് തന്നെയാണെന്നതില്‍ യാതൊരു സംശയവുമില്ല. കള്ളപ്പണം ഒഴുക്കി തിരഞ്ഞെടുപ്പിനെ നേരിടുക എന്നതാണ് ബിജെപി അഖിലേന്ത്യാ നേതൃത്വവും കേരള നേതൃത്വവും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന രീതിയെന്ന് അദ്ദേഹം ആരോപിച്ചു.

ഈ തെരഞ്ഞെടുപ്പിലും ബിജെപി കള്ളപ്പണം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാമെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണംകൈകാര്യം ചെയ്തത് ബിജെപി നേതൃത്വത്തമാണ്. ഇ.ഡി. അന്വേഷിക്കണം. എന്നാല്‍ ബിജെപിയുടെ ഭാഗമായി വരുമ്പോള്‍ ഇ.ഡി. ഒരന്വേഷണവും നടത്തില്ല. എന്ത് കൊള്ള നടത്തിയാലും യാതൊരു പ്രശ്‌നവുമില്ല എന്ന നിലപാടാണ് ഇ.ഡിയുടേത്. ബിജെപി എന്താണോ ആഗ്രഹിക്കുന്നത് അതാണ് ഇ.ഡി. ചെയ്യുന്നത്. ഇത്രയും വലിയ കൊള്ള നടന്നിട്ടും ഇ.ഡിക്ക് യാതൊരു ഭാവവഭേദവുമില്ല. സമഗ്ര അന്വേഷണം വേണമെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു.

കേരള പോലീസിന്റെ അന്വേഷണം പാതിവഴിയില്‍ അല്ല. അന്വേഷണം കൃത്യമായി നടത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് കൃത്യമായി ഇഡിക്കും എല്ലാ വിഭാഗങ്ങള്‍ക്കും നല്‍കിട്ടുണ്ടെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *