പാലക്കാട്: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാം അന്വേഷണത്തില്‍ പുറത്തുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. തൃശൂര്‍ പൂരം അലങ്കോലമാക്കിയത് ആര്‍എസ്എസ് ആണ്. അന്വേഷണത്തില്‍ ആര്‍എസ്എസ് തൃശൂര്‍ പൂരം അലങ്കോലമാക്കിയത് പുറത്തുവരും. തൃശൂര്‍ പൂരം പൂര്‍ണമായി കലങ്ങിയെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.
പൂരം ഉപതെരഞ്ഞെടുപ്പില്‍ ഒരു പ്രശ്നമായി ഉയര്‍ത്തുകയാണ് യുഡിഎഫും ബിജെപിയും. ബിജെപിക്ക് സഹായം ചെയ്തു കൊടുക്കുകയാണ് വിഡി സതീശനെന്നും എംവി ഗോവിന്ദന്‍ ആരോപിച്ചു.
സുരേഷ് ഗോപി പറയുന്നതെല്ലാം ലൈസന്‍സില്ലാത്തത് പോലെയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സുരേഷ് ഗോപി ഇപ്പോഴും സിനിമാ സ്‌റ്റൈലിലാണ്. തന്തയ്ക്ക് പറയുകയാണ് സുരേഷ് ഗോപി. ഇത്തരം വാക്കുകള്‍ സിപിഐഎമ്മിന്റെ ഭാഗത്തുനിന്ന് ആയിരുന്നുവെങ്കില്‍ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയേനെ. കെ സുധാകരന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും ചര്‍ച്ചയായില്ലെന്നും സിപിഐഎം സെക്രട്ടറി വിമര്‍ശിച്ചു.