നവീന്‍ബാബുവിന്റെ മരണം ; ഭാര്യയുടെ ഹര്‍ജിയില്‍ കണ്ണൂര്‍ കളക്ടര്‍ക്കും ടിവി പ്രശാന്തനും കോടതി നോട്ടീസ്

കണ്ണൂര്‍: തെളിവുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള എഡിഎം നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ ഹര്‍ജിയില്‍ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയനും പെട്രോള്‍ പമ്പ് ഉടമ ടിവി പ്രശാന്തനും കോടതി നോട്ടീസ് അയച്ചു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിശദീകരണം തേടി നോട്ടീസ് അയച്ചത്.

ഫോണ്‍വിളിച്ചതിന്റെ വിശദാംശങ്ങള്‍, സി.സി.ടി.വി. ദൃശ്യങ്ങള്‍ മുതലായവ സംരക്ഷിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍, ബി.എസ്.എന്‍.എല്‍., വോഡഫോണ്‍ അധികൃതര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹര്‍ജി നല്‍കിയത്.

കളക്ടറേറ്റ്, മുനീശ്വരന്‍കോവില്‍, റെയില്‍വേ സ്റ്റേഷന്‍ പരിസരം, പ്ലാറ്റ്‌ഫോം, പള്ളിക്കുന്ന് എന്നിവിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍, കേസില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കളക്ടര്‍ അരുണ്‍ കെ. വിജയന്‍, പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയ ടി.വി. പ്രശാന്തന്‍ എന്നിവരുടെ ഒക്ടോബര്‍ ഒന്നുമുതല്‍ 15 വരെയുള്ള മൊബൈല്‍ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍, ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *