ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട കായിക താരങ്ങള്‍ക്ക് ട്രെയിന്‍ കിട്ടിയില്ല ; കായികതാരങ്ങള്‍ വിമാനത്തില്‍ പോകും : ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി

കൊച്ചി: ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട കായിക താരങ്ങള്‍ ട്രെയിന്‍ കിട്ടാതെ കാത്തിരുന്ന സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍.

ഭോപ്പാലില്‍ നടക്കുന്ന ദേശീയ അണ്ടര്‍ 19 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കേരളത്തിന്റെ കായികതാരങ്ങള്‍ വിമാനത്തില്‍ പോകും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ടാണ് ഇതിനുള്ള അവസരം ഒരുക്കിയത്. 20 കായിക താരങ്ങള്‍ക്കും ടീം മാനേജറും കോച്ചുമടക്കമുള്ള മറ്റു മൂന്നുപേര്‍ക്കും വിമാന ടിക്കറ്റെടുക്കാന്‍ തൊഴില്‍ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിന് മന്ത്രി നിര്‍ദേശം നല്‍കി.

പതിനേഴാം തീയതി മധ്യപ്രദേശിലെ നര്‍മദപുരത്ത് വെച്ച് നടക്കുന്ന ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട ജൂനിയര്‍, സീനിയര്‍ വിഭാഗത്തിലുള്ള കായിക താരങ്ങളുടെ യാത്രയായിരുന്നു ടിക്കറ്റ് കണ്‍ഫേം ആകാത്തതിനാല്‍ പ്രതിസന്ധിയിലായത്. വ്യാഴാഴ്ച ഉച്ചക്ക് 1.30-ന് എറണാകുളത്ത് നിന്നും പുറപ്പെടേണ്ടിയിരുന്ന മംഗള- ലക്ഷദ്വീപ് എക്സ്പ്രസിലാണ് യാത്ര ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഒന്നരയോടെയാണ് ഇവരുടെ ടിക്കറ്റ് കണ്‍ഫേം ആയിട്ടില്ലെന്ന വിവരം അധികൃതര്‍ അറിയിക്കുന്നത്. രണ്ട് പേരുടെ ടിക്കറ്റ് മാത്രമാണ് കണ്‍ഫേം ആയത്. എന്നാല്‍ ഇക്കാര്യം അധികൃതര്‍ താരങ്ങളെയോ രക്ഷിതാക്കളെയോ നേരത്തേ അറിയിച്ചിട്ടില്ലെന്നുമായിരുന്നു ആക്ഷേപം.

20 കായിക താരങ്ങള്‍ക്കും ടീം മാനേജറും കോച്ചുമടക്കമുള്ള മറ്റു മൂന്നുപേര്‍ക്കും തേര്‍ഡ് എ സി ടിക്കറ്റ് പൊതു വിദ്യാഭ്യാസ വകുപ്പ് എടുത്തു നല്‍കിയിരുന്നു. ടിക്കറ്റ് കണ്‍ഫേം ചെയ്യാന്‍ മന്ത്രിമാരുടെയും എംപിമാരുടെയും എമര്‍ജന്‍സി ക്വാട്ടയില്‍ അപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍ മുഴുവന്‍ ടിക്കറ്റുകളും കണ്‍ഫേം ആയില്ല. തുടര്‍ന്ന് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട മന്ത്രി വി ശിവന്‍കുട്ടി കുട്ടികളെ വിമാനത്തില്‍ അയയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കായികതാരങ്ങള്‍ക്ക് മന്ത്രി വിജയാശംസകള്‍ നേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *