മുംബൈയില്‍ യാത്രാ ബോട്ടില്‍ നാവികസേന ബോട്ട് ഇടിച്ച് 13 മരണം

മുംബൈ: ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 പേര്‍ക്ക് ദാരുണാന്ത്യം. 10 യാത്രക്കാരും മൂന്ന് നാവിക ഉദ്യോഗസ്ഥരുമാണ് മരിച്ചത്.മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസാണ് മരണസംഖ്യ അറിയിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചു പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. 80 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടില്‍ അഞ്ചു ജീവനക്കാര്‍ ഉള്‍പ്പെടെ 110ലേറെ പേരാണ് യാത്ര ചെയ്തത്. 97 പേരെ രക്ഷപ്പെടുത്തി.

ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫന്റാ ദ്വീപിലേക്ക് പോയ ബോട്ടാണ് മുങ്ങിയത്. ഇന്ന് വൈകീട്ട് നാലുമണിയോടെ നീല്‍കമല്‍ എന്ന യാത്ര ബോട്ടില്‍ ആറുപേര്‍ സഞ്ചരിച്ചിരുന്ന നാവികസേനയുടെ സ്പീഡ് ബോട്ട് കൂട്ടിയിടിച്ചതിനെത്തുടര്‍ന്നാണ് അപകടം.

അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളടക്കം അപകടത്തില്‍പ്പെട്ട യാത്രാബോട്ടില്‍നിന്നാണ് പകര്‍ത്തിയിരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. സ്പീഡ് ബോട്ട് കടലില്‍ സിഗ്‌സാഗ് ചെയ്യുന്നതിനിടെ പെട്ടെന്ന് യൂടേണ്‍ ചെയ്ത് യാത്ര ബോട്ടിന് നേരെ എത്തുകയും ശക്തമായി കൂട്ടിയിടിക്കുന്നതും ദൃശ്യത്തില്‍കാണാം.

11 നാവികസേന ബോട്ടുകളും മൂന്ന് മറൈന്‍ പൊലീസ് ബോട്ടുകളും ഒരു കോസ്റ്റ് ഗാര്‍ഡ് ബോട്ടും തിരച്ചിലിനായി പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പ്രദേശത്തെ മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്. നാല് ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *