നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് വിവാദം. നടന്‍ ധനുഷിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചുകൊണ്ടുള്ള തുറന്ന കത്ത് നയന്‍താര സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു.
നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യാനിരിക്കുന്ന നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറില്‍ നാനും റൗഡി താന്‍ എന്ന സിനിമയുടെ ചില ബിടിഎസ് ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്നു കാട്ടി ധനുഷ് നയന്‍താരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടിസ് അയച്ചതിനു പിന്നാലെയാണ് നയന്‍താര പ്രതികരിച്ചത്.
വെറും മൂന്ന് സെക്കന്‍ഡ് ദൃശ്യം ഉപയോഗിച്ചതിനാണ് ധനുഷ് 10 കോടിയുടെ നോട്ടീസ് അയച്ചതെന്നും അദ്ദേഹത്തിന് തന്നോടും വിഘ്‌നേഷിനോടും പകയാണെന്നും നയന്‍താര തുറന്നടിച്ചു.
ആരാധകര്‍ക്കു മുന്‍പില്‍ കാണിക്കുന്ന നിഷ്‌കളങ്ക മുഖമല്ല യഥാര്‍ഥത്തില്‍ ധനുഷിന് ഉള്ളതെന്നും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണെന്നും നയന്‍താര പറയുന്നു. നയന്‍താരയെ നായികയാക്കി വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന സിനിമ നിര്‍മിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്‌നേഷും പ്രണയത്തിലാകുന്നത്. അതുകൊണ്ടു തന്നെ ആ സിനിമയെക്കുറിച്ച് വിവാഹ ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
ചിത്രത്തിലെ പാട്ടുകള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിക്കാന്‍ ധനുഷിന്റെ നിര്‍മാണക്കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ലെന്ന് നയന്‍താര പറയുന്നു. മാത്രവുമല്ല, ഈ ആവശ്യം പരിഗണിക്കുന്നത് മനഃപൂര്‍വം വൈകിക്കുകയും ചെയ്‌തെന്ന് നയന്‍താര വെളിപ്പെടുത്തി. ഒടുവില്‍ ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്തു വന്നപ്പോള്‍ നാനും റൗഡി താന്‍ എന്ന സിനിമയുടെ ബിടിഎസ് ദൃശ്യങ്ങള്‍ ട്രെയിലറില്‍ ഉപയോഗിച്ചത് പകര്‍പ്പവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ധനുഷ് നയന്‍താരയ്ക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നു.
കേവലം 3 സെക്കന്‍ഡിനുള്ള നഷ്ടപരിഹാരമായി കോടികള്‍. ഇത് വളരെ മോശമായി പോയി. ഇത് നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് സംസാരിക്കുന്നു.
ധനുഷിന്റെ പകപോക്കലാണ് ഈ പ്രവൃത്തിക്കു പിന്നിലെന്നും സിനിമയിലെ മുഖമല്ല ജീവിതത്തില്‍ നടനുള്ളതെന്നും നയന്‍താര വെളിപ്പെടുത്തുന്നു. ധനുഷിന്റേത് പകര്‍പ്പാവകശ പ്രശ്‌നമല്ലെന്നും വെറും പകപോക്കലാണെന്നും നയന്‍താര തുറന്നടിച്ചു.