കലബുര്‍ഗി: കര്‍ണാടകയിലെ കലബുര്‍ഗിയില്‍ ഡോക്ടറുടെ വേഷത്തിലെത്തിയ ആള്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. തിങ്കളാഴ്ച വൈകീട്ട് കലബുര്‍ഗിയിലെ സര്‍ക്കാര്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ പോലിസ് കുഞ്ഞിനെ കണ്ടെത്തി.
ചിത്താപൂര്‍ സ്വദേശികളായ രാമകൃഷ്ണയുടേയും കസ്തൂരിയുടേയും കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. കൂടുതല്‍ ചികിത്സയ്ക്ക് വേണ്ടി ഐസിയുവിലേക്ക് മാറ്റണം എന്നുപറഞ്ഞ് ഡോക്ടര്‍ വേഷത്തില്‍ വന്നയാള്‍ കുഞ്ഞിനെ ആവശ്യപ്പെട്ടു. തുടര്‍ന്ന് കുഞ്ഞിനെ അമ്മയുടെ അരികില്‍ നിന്ന് എടുത്തു കൊണ്ടുപോവുകയായിരുന്നു.
ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ ലഭിക്കാത്തതിനേ തുടര്‍ന്ന് അന്വേഷിച്ചതോടെയാണ് കാര്യം വ്യക്തമാകുന്നത്. രണ്ട് യുവതികളാണ് കുഞ്ഞിനെ എടുത്തുകൊണ്ടുപോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു.
സംഭവത്തില്‍ പോലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.