പത്തനംതിട്ട: മുറിഞ്ഞകല്ലില്‍ ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച നാല് പേരുടെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ എട്ടു മണി മുതല്‍ പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്ക പള്ളിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംസ്‌കാരം.
നവദമ്പതിമാരായ നിഖിലും അനുവും ഇരുവരുടെയും അച്ഛന്മാരായ ബിജു പി ജോര്‍ജ്, മത്തായി ഈപ്പന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മധുവിധു കഴിഞ്ഞ് മലേഷ്യയില്‍ നിന്നു മടങ്ങിയെത്തിയ ദമ്പതിമാരെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ട് വരും വഴി ശബരിമല തീര്‍ത്ഥാടകരുടെ ബസ്സില്‍ കാര്‍ ഇടിച്ചുകയറിയായിരുന്നു അപകടം.
എട്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായി 15ാം ദിവസം നിഖിലിന്റെയും അനുവിന്റെയും വേര്‍പാട് ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി.