ബംഗളൂരു: ഓണാഘോഷത്തിന്റെ ഭാഗമായി ബംഗളൂരുവിലെ ഫ്‌ളാറ്റില്‍ മലയാളികള്‍ ഒരുക്കിയ പൂക്കളം ചവിട്ടി നശിപ്പിച്ച സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു. ബംഗളൂരു സംപിഗെഹള്ളി പൊലീസ് ആണ് പരാതിയെ തുടര്‍ന്ന് മലയാളിയായ സിമി നായര്‍ എന്ന സ്ത്രീക്കെതിരെ കേസെടുത്തത്.അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍, ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ആണ് സിമി നായര്‍ക്കെതിരെ കേസെടുത്തത്.
തന്നിസന്ദ്രയിലെ മൊണാര്‍ക്ക് സെറിനിറ്റി അപ്പാര്‍ട്‌മെന്റില്‍ ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളം ഒരുക്കിയിരുന്നു. മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുട്ടികള്‍ ചേര്‍ന്നാണ് പൂക്കളം ഒരുക്കിയത്. എന്നാല്‍, ഫ്‌ളാറ്റിലെ കോമണ്‍ ഏരിയയില്‍ പൂക്കളമിട്ടതിന് എന്ന് പറഞ്ഞ് പൂക്കളമിട്ടവരുമായി ഇവര്‍ വാക്കേറ്റത്തിലാവുകയും പിന്നാലെ പൂക്കളം ചവിട്ടി നശിപ്പിക്കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഓണസദ്യ പാര്‍ക്കിങ് ബേയിലേക്ക് മാറ്റേണ്ടിവന്നിരുന്നു. പൂക്കളം ചവിട്ടി നശിപ്പിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയര്‍ന്നു.