പാലക്കാട്: പാലക്കാട് നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചത് പുന:പരിശോധിക്കണമെന്ന് പി. സരിന്‍. ആരുടെയെങ്കിലും വ്യക്തിതാല്‍പര്യമല്ല കൂട്ടായ തീരുമാനമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആവശ്യം. സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പ്രഹസനമാണ്. പാലക്കാട് കോണ്‍ഗ്രസിന്റെ ജയം അനിവാര്യമാണെന്നും ചിലരുടെ തോന്ന്യാസത്തിന് കയ്യടിക്കാനാവില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാലക്കാട്ടെ യാഥാര്‍ഥ്യം പാര്‍ട്ടി തിരിച്ചറിയണം. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ തോറ്റ് പോയേക്കാം.തന്നെ സ്ഥാനാര്‍ഥിയാക്കാത്തതുകൊണ്ടല്ല അതൃപ്തി തുറന്നുപറഞ്ഞത്.ശരിക്കുവേണ്ടിയാണ് ജോലി രാജിവച്ച് ഇറങ്ങിത്തിരിച്ചത്. പോസറ്റീവ് കാര്യങ്ങള്‍ പറയുന്ന തന്നെ നിസാരനാക്കുന്നു. ശരിക്കുവേണ്ടി ഏതറ്റംവരെയും പോകും. ചിലരുടെ സ്ഥാപിത താത്പര്യങ്ങള്‍ക്ക് വഴങ്ങിയാല്‍ പാര്‍ട്ടി തകരുമെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.
പരാതികള്‍ ചൂണ്ടിക്കാട്ടി മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പുനരാലോചനയ്ക്ക് ഇനിയും അവസരം ഉണ്ടെന്നും പാര്‍ട്ടി തിരുത്തി ശരിയിലേക്ക് എത്തുമെന്നും ആ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും സരിന്‍ പറഞ്ഞു.
താന്‍ കോണ്‍ഗ്രസില്‍ തുടരും. സിവില്‍ സര്‍വിസില്‍ നിന്ന് ജോലി രാജിവെച്ച് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയ ആളാണ് താനെന്നും സരിന്‍ വ്യക്തമാക്കി.