ബെയ്റൂത്ത്: ലബനാനില്‍ 12 പേരുടെ മരണത്തിനിടയാക്കിയ പേജര്‍ സ്ഫോടനത്തിന്റെ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്കും. നോര്‍വെ പൗരത്വമുള്ള റിന്സണ് ജോസിന്റെ കമ്പനിയെക്കുറിച്ചാണ് അന്വേഷിക്കുന്നത്. ബള്‍ഗേറിയയിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വയനാട് മാനന്തവാടി സ്വദേശിയാണ് റിന്സണ്. 2013-ലാണ് അവസാനമായി നാട്ടില്‍ വന്നത്.
പേജറുകള്‍ വാങ്ങാനുള്ള സാമ്പത്തിക ഇടപാടില്‍ കമ്പനി ഉള്‍പ്പെട്ടതായാണ് വിവരം. ഇതു സംബന്ധിച്ച് ബള്‍ഗേറിയ ആണ് അന്വേഷണം പ്രഖ്യാപിച്ചത്. ജോസിന്റെ നോര്‍ട്ട ഗ്ലോബല്‍, നോര്‍ട്ട ലിങ്ക് എന്നീ കമ്പനികള്‍ വഴി പേജറുകള്‍ക്ക് പണം കൈമാറിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബള്‍ഗേറിയയുടെ അന്വേഷണം.
സ്ഫോടകവസ്തുക്കള്‍ പേജറുകളിലേക്ക് എവിടെനിന്നാണ് നിറച്ചത് എന്നതടക്കമുള്ള വിവരങ്ങള്‍ ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് ഹിസ്ബുല്ല വാങ്ങിയ പേജറുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നത്.