പാലക്കാട്: പാലക്കാട് പനയമ്പാടത്ത് ലോറിക്കടിയില്‍പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട് അജ്‌ന ഷെറിന്‍. അപകടമുണ്ടായപ്പോള്‍ കുഴിയിലേക്ക് വീണതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്ന് അജ്‌ന ഷെറിന്‍ മാധ്യമങ്ങളോട് പറഞ്ഞു.മണ്ണാര്‍ക്കാട് ഭാഗത്ത് നിന്ന് വന്ന ലോറി അമിത വേഗതയിലായിരുന്നെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വിദ്യാര്‍ഥി അജിന ഷെറിന്‍ പറഞ്ഞു.
ഇന്നലെ വൈകിട്ടോടെയായിരുന്നു പാലക്കാട് പനയംപാടത്ത് നാടിനെ നടുക്കിയ അപകടമുണ്ടായത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ആയിഷ, ഇര്‍ഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്.
കുട്ടികള്‍ സ്‌കൂളില്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴാണ് ലോറി ഇടിച്ചുകയറിയത്. രണ്ട് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരു ലോറി കുട്ടികളുടെ മുകളിലേക്ക് മറിയുകയായിരുന്നു.
‘മണ്ണാര്‍ക്കാട് ഭാഗത്ത് നിന്ന് ലോറി നല്ല വേഗതയിലായിരുന്നു വന്നത്. ലോറി ഞങ്ങലുടെ മുന്നിലെത്തിയപ്പോള്‍ ബ്രേക്ക് പിടിക്കുകയും ചരിയുകയും ചെയ്തു. പാലക്കാട് ഭാഗത്ത് നിന്ന് വന്ന ലോറിക്ക് വേഗത കുറവായിരുന്നു. തുടര്‍ന്ന് ലോറികള്‍ തമ്മില്‍ കൂട്ടിയിച്ച് ലോറി മറിയുകയായിരുന്നു. ഒരു മിന്നായം പോലെയേ കണ്ടിട്ടുള്ളൂ. ലോറി പാഞ്ഞ് വന്നപ്പോള്‍ ഞാനാ കുഴിയിലേക്ക് വീഴുകയായിരുന്നു’ എന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വിദ്യാര്‍ഥി പറഞ്ഞു.