തൃശ്ശൂര്‍: ഷാഫി പറമ്പിലിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി. നേതാവ് പത്മജാ വേണുഗോപാല്‍. വടകരയില്‍ മത്സരിക്കാന്‍ ഷാഫിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. യു.ഡി.എഫ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മന്ത്രിയാകാനായി ഇരുന്നയാളാണ് ഷാഫി. വടകരയില്‍ മത്സരിക്കണമെന്ന് ഡല്‍ഹിയില്‍നിന്ന് നിര്‍ദേശം വന്നപ്പോള്‍ ഷാഫി ചോദിച്ച് കൈക്കൂലിയാണ് താന്‍ വടകരയില്‍ ജയിച്ചാല്‍ രാഹുലിനെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ നിര്‍ത്തണമെന്നത്. അത് അന്നത്തെ കരാര്‍ ആയിരുന്നെന്നും പത്മജ പറഞ്ഞു. അങ്ങനെയാണ് എന്റെ സഹോദരന്‍ കെ.മുരളീധരനെ തൃശ്ശുരിലേക്ക് അയച്ചതെന്നും പത്മജ പറഞ്ഞു.
വര്‍ഗീയത ഭയങ്കരമായി കളിക്കുന്നൊരാളാണ് ഷാഫി പറമ്പില്‍. ഷാഫി ഒരേസമയം ഉമ്മന്‍ചാണ്ടിയുടെയും എതിര്‍പക്ഷത്തിന്റെയും ആളായിരുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ്സില്‍ പവര്‍ ഗ്രൂപ്പുണ്ടെന്നും പത്മജ ചൂണ്ടിക്കാട്ടി. ആര്‍ക്കും ആരോടും സ്‌നേഹവും ബഹുമാനവുമില്ലാതെ കോണ്‍ഗ്രസ്സ തരംതാണ് പോയെന്നും അവര്‍ പറഞ്ഞു.കോണ്‍ഗ്രസ്സിനെ നശിപ്പിക്കുന്നത് കോണ്‍ഗ്രസിലെ തന്നെ പവര്‍ ഗ്രൂപ്പാണെന്നും അവര്‍ പറഞ്ഞു.
കെ. മുരളീധരന്‍ പാലക്കാട് നിന്ന് വിജയിച്ചിരുന്നെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാകുമായിരുന്നു. അത് ഇല്ലാതാക്കാനാണ് അദ്ദേഹത്തെ വെട്ടിയതെന്നും പത്മജ പറഞ്ഞു.