പാലക്കാട്: തിരഞ്ഞെടുപ്പിന് കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിലും മുറികളിലും അര്‍ദ്ധരാത്രി പൊലീസ് പരിശോധന. പാലക്കാട് കെപിഎം റീജന്‍സി എന്ന ഹോട്ടലിലായിരുന്നു പൊലീസ് പരിശോധന.
ഉപതിരഞ്ഞെടുപ്പിന് ജനങ്ങളെ സ്വാധീനിക്കന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ അനധികൃതമായി പണമെത്തിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു രാത്രി 12 മണിയോടെ പോലീസ് മുന്നറിയിപ്പില്ലാതെ വനിതാ നേതാക്കളുടെയടക്കം മുറികളിലെത്തി പരിശോധന നടത്തിയതെന്നാണ് പറയുന്നത്. കാറില്‍ പണമെത്തിച്ചെന്നായിരുന്നു ആരോപണം. സംഭവസമയം സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലിലുണ്ടായിരുന്നെന്ന് സി.പി.എം-ബി.ജെ.പി നേതാക്കള്‍ ആരോപിക്കുകയും ചെയ്തു.പരിശോധനയില്‍ പക്ഷെ ഒന്നും കണ്ടെത്താനായില്ല.
പൊലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. ഒരുഘട്ടത്തില്‍ ഹോട്ടലില്‍ തടിച്ച് കൂടിയ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. പൊലീസ് ഇടപെട്ടാണ് കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍ എന്നിവരും ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ആരോപണം. വനിതാ പൊലീസ് ഇല്ലാതെ റൂമില്‍ പോലിസ് ഇരച്ചു കയറിയെന്ന് ബിന്ദുകൃഷ്ണ ആരോപിച്ചു. ആദ്യ ഘട്ടത്തില്‍ വനിതാ പൊലീസ് ഇല്ലാതെ വന്ന പൊലീസ് സംഘത്തിന് മടങ്ങിപ്പോകേണ്ടിവന്നു. എന്നാല്‍ പിന്നീട് വനിതാ പൊലീസുമായി വന്ന് ഉദ്യോഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കി.
ഇതിനിടെ പുറത്ത് സി.പി.എം, ബി.ജെ.പി നേതാക്കള്‍ സംഘടിച്ചെത്തി പരിശോധന മറ്റു മുറികളിലേക്കു നീട്ടണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ചു.എ.എ. റഹീം എം.പിയും മറ്റു ഇടതുനേതാക്കളും പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പൊലീസിനോടു തര്‍ക്കിച്ചു. ബി.ജെ.പി നേതാക്കളായ വി.വി. രാജേഷ്, സി.ആര്‍. പ്രഫുല്‍ കൃഷ്ണ, പ്രശാന്ത് ശിവന്‍, സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ തുടങ്ങിയവരും പരിശോധന വേണമെന്ന് ആവശ്യപ്പെട്ടു ബഹളംവെച്ചു.
സി.പി.എമ്മും പൊലീസും ചേര്‍ന്ന് നടത്തിയ നാടകമാണിതെന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം.