കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യയെ വൈദ്യപരിശോധനക്ക് എത്തിച്ചത് ആശുപത്രിയുടെ പിന്‍വാതിലിലൂടെ. കനത്ത പൊലീസ് കാവലില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലായിരുന്നു പരിശോധന. പൊലീസ് വാഹനത്തില്‍ തളിപ്പറമ്പിലെ മജിസ്‌ട്രേറ്റിന്റെ വസതിയിലേക്ക് കൊണ്ടുപോയി.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളിയതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം ദിവ്യയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ദിവ്യയെ പൊലീസ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ച് ചോദ്യംചെയ്തതിന് പിന്നാലെയാണ് മെഡിക്കല്‍ പരിശോധനക്ക് കൊണ്ടുപോയത്. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് വസതിയിലെത്തിച്ച് ഇന്നുതന്നെ കസ്റ്റഡിയില്‍ വാങ്ങാനായിരിക്കും പോലീസ് ശ്രമം.