തലശ്ശേരി : എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ആവര്‍ത്തിച്ച് പി.പി ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ.കെ.വിശ്വന്‍. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ പി.പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വാദം തുടരുകയാണ്. എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവായി പ്രശാന്തിന്റെയും എഡിഎമ്മിന്റെയും ഫോണ്‍ രേഖകള്‍ കോടതിക്ക് കൈമാറി.
പ്രശാന്ത് കൈക്കൂലി നല്‍കിയെന്ന് മൊഴി നല്‍കിയെന്നും പ്രശാന്ത് പ്രധാന സാക്ഷിയാണെന്നും പിപി ദിവ്യയുടെ അഭിഭാഷകന്‍ വാദിച്ചു. എഡിഎം കളക്ടര്‍ക്ക് മുമ്പില്‍ കുറ്റസമ്മതം നടത്തിയെന്നും തെറ്റിപറ്റിയെന്ന് പറഞ്ഞെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
പ്രശാന്തും എഡിഎം നവീന്‍ ബാബുവും നേരിട്ട് കണ്ടതിനും സംസാരിച്ചതിനും തെളിവുകളുണ്ട്.പ്രശാന്ത് കൊയ്യം ബാങ്കില്‍ നിന്ന് അഞ്ച് ലക്ഷം രൂപ സ്വര്‍ണ വായ്പ എടുത്തുവെന്നും ഇത് സാഹചര്യ തെളിവായി കണക്കാക്കണമെന്നും പി.പി ദിവ്യയുടെ അഭിഭാഷകന്‍ പറഞ്ഞു. പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ പ്രശാന്ത് കൈക്കൂലി നല്‍കിയതിന് വ്യക്തമായ തെളിവാണെന്നും അഭിഭാഷകന്‍ പറഞ്ഞു.
പി.പി ദിവ്യ അന്വേഷണവുമായി സഹകരിച്ചുവെന്നും പോലീസ് കസ്റ്റഡിയെ എതിര്‍ത്തില്ലെന്നും അഡ്വ.കെ.വിശ്വന്‍ പറഞ്ഞു.
അതേസമയം ആ യാത്രയയപ്പ് ചടങ്ങില്‍ അങ്ങനെ സംസാരിക്കാന്‍ പാടില്ലെന്ന് അംഗീകരിക്കുന്നുവെന്നും എന്നാല്‍ അതിന്റെ ഉദ്ദേശം എഡിഎമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിടാനുളള പ്രേരണ ആയിരുന്നില്ലെന്നും കോടതിയില്‍ ഉന്നയിച്ചു.
ഏത് ജാമ്യ ഉപാധിയും അംഗീകരിക്കാമെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും പി.പി ദിവ്യ കോടതിയില്‍ പറഞ്ഞു.