ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് തുടക്കം. പോളണ്ടും, യുക്രെയ്‌നും സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് മോദി ബുധനാഴ്ച യൂറോപ്പിലെത്തിയത്. പോളണ്ടിലെത്തിയ പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹവുമായി സംവദിച്ചു. 45 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ട് സന്ദര്‍ശിക്കുന്നത്. ഇന്ത്യ-പോളണ്ട് ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ആന്‍ഡ്രെജ് ദുഡ, പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും.
എല്ലാ രാജ്യങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുക എന്നതാണ് ഇപ്പോള്‍ ഇന്ത്യയുടെ നയമെന്നും ഇന്നത്തെ ഇന്ത്യ എല്ലാവരുമായും ബന്ധപ്പെട്ടിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മോദി വ്യക്തമാക്കി.
സ്‌നേഹോഷ്മളമായ വരവേല്‍പ്പിന് പ്രസംഗത്തില്‍ പ്രധാനമന്ത്രി നന്ദി പറഞ്ഞു. റഷ്യ-യുക്രൈന്‍ യുദ്ധഘട്ടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ പിന്തുണയിലും മോദി ഇന്ത്യന്‍ സമൂഹത്തിന് നന്ദി പറഞ്ഞു. പോളണ്ട് സന്ദര്‍ശിച്ച മോദി, വാര്‍സയിലെ ഗുഡ് മഹാരാജ സ്‌ക്വയര്‍ സന്ദര്‍ശിച്ചു. ജാംനഗറിലെ മുന്‍രാജാവിന്റെ സ്മാരകമാണിത്. മഹാരാജാ സ്‌ക്വയറിന് പുറമെ മറ്റ് രണ്ട് സ്മാരകങ്ങള്‍ കൂടി അദ്ദേഹം സന്ദര്‍ശിച്ചു. പോളണ്ട് സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി യുക്രൈനും സന്ദര്‍ശിക്കും.
ഇന്ത്യയും പോളണ്ടുമായുള്ള നയതന്ത്രബന്ധത്തിന്റെ 70 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് തന്റെ സന്ദര്‍ശനമെന്ന് സന്ദര്‍ശനത്തിന് മുന്‍പ് മോദി എക്‌സില്‍ കുറിച്ചിരുന്നു