ഡല്‍ഹി: ലോക്‌സഭയിലെ തന്റെ കന്നി പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനേയും ബി.ജെ.പിയേയും രൂക്ഷമായി വിമര്‍ശിച്ച് വയനാട് എം.പി.യും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. ഭരണടഘടനയിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിച്ചുകൊണ്ടാണ് പ്രിയങ്ക ഗാന്ധി പാര്‍ലമെന്റിലെ തന്റെ ആദ്യ പ്രസംഗം നടത്തിയത്. ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചമാണെന്നും ഭരണകക്ഷിയായ ബി.ജെ.പി. അതിനെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
നിലവിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ പരിഹരിക്കാന്‍ ഒരു ബാലറ്റ് നടത്തണമെന്നും കോണ്‍ഗ്രസ് എംപി നിര്‍ദേശിച്ചു, ‘ഒരു ബാലറ്റിലൂടെ തിരഞ്ഞെടുപ്പ് നടത്തുക, സത്യം വെളിപ്പെടും’ പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
ഭരണഘടനയില്‍ തുടങ്ങി കര്‍ഷകപ്രക്ഷോഭവും, അദാനിയും, സംഭലും മണിപ്പൂരുമെല്ലാം പരാമര്‍ശിച്ച പ്രിയങ്ക പാര്‍ലമെന്റേറിയന്‍ എന്ന നിലയിലെ തന്റെ ആദ്യ പ്രസംഗത്തില്‍ കത്തിക്കയറി.
കര്‍ഷകരുടെ സ്വപ്നങ്ങളെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുകയാണ്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ ഉണ്ടാക്കിയെന്നും വയനാട് മുതല്‍ ലളിത്പ്പൂര്‍വരെ കര്‍ഷകരുടെ കണ്ണീരാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
പേരെടുത്ത് പറയാതെ ഗൗതം അദാനിക്ക് ബി.ജെ.പിയുമായി അവിശുദ്ധ ബന്ധമുണ്ടെന്നും പ്രിയങ്ക വിമര്‍ശിച്ചു. രാജ്യത്തെ 142 കോടി പൗരന്മാരെ തള്ളി ചില വ്യക്തികള്‍ക്കുവേണ്ടി മാത്രമായാണ് ബി.ജെ.പി. സര്‍ക്കാര്‍ നിലകൊള്ളുന്നതെന്ന് പ്രിയങ്ക പറഞ്ഞു.