കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ജയിലില്‍നിന്ന് പുറത്തിറങ്ങി. കേസില്‍ അറസ്റ്റിലായി ഏഴരവര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനിക്ക് കൊച്ചിയിലെ വിചാരണക്കോടതി ജാമ്യമനുവദിച്ചത്. പ്രതിയുടെ സുരക്ഷ റൂറല്‍ പോലീസ് ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ച കോടതി കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
അനുവാദമില്ലാതെ എറണാകുളം സെഷന്‍സ് കോടതി പരിധി വിട്ട് പോകരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. ജാമ്യ കാലയളവില്‍ ഒരു സിം മാത്രമേ ഉപയോഗിക്കാവൂ. നമ്പര്‍ കോടതിയെ അറിയിക്കണം. സാക്ഷികളുമായോ മറ്റു പ്രതികളുമായോ സംസാരിക്കരുതെന്നും ഒരു ലക്ഷം രൂപ കെട്ടിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനു പുറമെ രണ്ട് ആള്‍ജാമ്യത്തിലുമാണ് സുനി പുറത്തിറങ്ങുന്നത്.