ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കും തിരക്കിലും പെട്ട ഒന്‍പത് വയസ്സുകാരന്‍ ശ്രീതേജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തെലങ്കാന ആരോഗ്യ സെക്രട്ടറിക്കൊപ്പം കിംസ് ആശുപത്രി സന്ദര്‍ശിച്ച ശേഷം ഹൈദരബാദ് പൊലീസ് കമ്മീഷണര്‍ സി.വി ആനന്ദാണ് കുട്ടിയുടെ ആരോഗ്യ സ്ഥിതിയില്‍ സ്ഥിരീകരണം നല്‍കിയത്. വെന്റിലേറ്ററിന്റെ സപ്പോര്‍ട്ടിലാണ് കുഞ്ഞ് കഴിയുന്നത്.ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശ്രീതേജ്.
രേവതി, ഭര്‍ത്താവ് ഭാസ്‌കര്‍ മക്കളായ ശ്രീ തേജ് സാന്‍വിക (7) എന്നിവര്‍ക്കുമൊപ്പം പുഷ്പ 2 വിന്റെ പ്രീമിയര്‍ ഷോ ഹൈദരാബാദ് ആര്‍ടിസി റോഡിലെ സന്ധ്യ തിയറ്ററില്‍ കാണാനെത്തിയതായിരുന്നു. അല്ലു അര്‍ജുന്‍ എത്തിയതറിഞ്ഞ് തടിച്ചുക്കൂടിയ ജനക്കൂട്ടം ഗേറ്റ് തകര്‍ത്തതിനെ തുടര്‍ന്ന് തിക്കിലും തിരക്കിലുംപെട്ട് രേവതിയും മകന്‍ തേജും ബോധരഹിതരാവുകയായിരുന്നു. തുടര്‍ന്ന് ദുര്‍ഗാ ബായ് ദേശ്മുഖ് ആശുപത്രിയിലെത്തിച്ചെങ്കിലും രേവതി സംഭവ ദിവസം തന്നെ മരിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ തേജിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ബേഗംപേട്ടിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യസ്ഥിതി ഇടയ്‌ക്കൊന്ന മെച്ചപ്പെട്ടിരുന്നു.
സംഭവത്തെത്തുടര്‍ന്ന് അല്ലു അര്‍ജുനും അദ്ദേഹത്തിന്റെ സുരക്ഷാ ടീമിനും തിയേറ്റര്‍ മാനേജ്മെന്റിനുമെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ, കൊലപാതകം, മനപൂര്‍വം മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിരുന്നു.
കേസില്‍ ഡിസംബര്‍ 13 ന് അല്ലു അര്‍ജുന്‍ അറസ്റ്റിലായിരുന്നെങ്കിലും തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് പുറത്തിറങ്ങി.