ഡല്‍ഹി: പാര്‍ലമെന്റിലെ ഭരണഘടന ചര്‍ച്ചയില്‍ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യന്‍ ഭരണഘടനയ്ക്ക് പകരം മനുസ്മൃതി കൊണ്ടുവരണമെന്ന് ശക്തമായി വിശ്വസിച്ച വ്യക്തിയാണ് വിനായക് ദാമോദര്‍ സവര്‍ക്കറെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭയില്‍ ‘ഇന്ത്യന്‍ ഭരണഘടനയുടെ 75 വര്‍ഷത്തെ മഹത്തായ യാത്ര’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഭരണഘടന കേവലം നിയമപരമായ ഒരു രേഖയല്ലെന്നും അത് നമ്മുടെ രാജ്യത്തിന്റെ ആത്മാവാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മനുസ്മൃതിയെയും സവര്‍ക്കെറെയും അദാനിയെയും കടന്നാക്രമിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.
ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു, സവര്‍ക്കറിനെ ഉദ്ധരിച്ചുകൊണ്ടാണ് പ്രസംഗം തുടങ്ങിയത്. ഇന്ത്യന്‍ ഭരണഘടനയിലെ ഏറ്റവും മോശമായ കാര്യം അതില്‍ ഭാരതീയമായി ഒന്നുമില്ല എന്നാണ് സവര്‍ക്കര്‍ പറഞ്ഞത്. ഹിന്ദു രാഷ്ട്രത്തിന് വേദങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും ആരാധ്യമായ ഗ്രന്ഥമാണ് മനുസ്മൃതിയെന്നും നൂറ്റാണ്ടുകളായി നമ്മുടെ രാഷ്ട്രത്തിന്റെ ആത്മീയവും ദൈവികവുമായ യാത്രയെ മനുസ്മൃതി ക്രോഡീകരിച്ചിരിക്കുന്നുവെന്നും പറഞ്ഞ വ്യക്തിയാണ് സവര്‍ക്കര്‍. ഭരണഘടന സംരക്ഷിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ പോരാണ് ഇന്ന് ഇവിടെ നടക്കുന്നത്. ഭരണഘടനയില്‍ മഹാത്മാഗാന്ധിയുടെയും അംബേദ്കറിന്റെയും നെഹ്റുവിന്റെയും ആശയങ്ങളുണ്ട്. ഇന്ത്യയുടെ ഏറ്റവും നവീനവും മഹനീയവുമായ രേഖയാണ് ഭരണഘടന- രാഹുല്‍ ഗാന്ധി പറഞ്ഞു.
ബി.ജെ.പിയുടെ നിയമസംഹിത ഇന്നും മനുസ്മൃതിയാണ്, ഭരണഘടനയല്ല. സവര്‍ക്കറെ വിമര്‍ശിച്ചാല്‍ തന്നെ കുറ്റക്കാരനാക്കും. രാജ്യത്തെ പിന്നാക്കം കൊണ്ടുപോകാനാണ് ബി.ജെ.പിയുടെ ശ്രമം. ഏകലവ്യന്റെ വിരല്‍ മുറിച്ച പോലെയാണ് ഇന്നത്തെ ഇന്ത്യന്‍ യുവതയുടെ സ്ഥിതിയെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
കുറ്റവാളികള്‍ രാജ്യത്ത് സ്വാതന്ത്ര്യമായി നടക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്കായി ഭരണകൂടം ശബ്ദമുയര്‍ത്തുന്നില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
കര്‍ഷകര്‍ ന്യായവില ആവശ്യപ്പെടുമ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ അദാനിക്കും അംബാനിക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അദാനിക്ക് ധാരാവി നല്‍കുമ്പോള്‍ നിങ്ങള്‍ ധാരാവിയിലെ ചെറുകിട വ്യവസായികളുടെ പെരുവിരലാണ് മുറിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.