ഡല്‍ഹി: ലാറ്ററല്‍ എന്‍ട്രിയിലൂടെ സ്വകാര്യമേഖലയില്‍നിന്ന് 45 ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്തിരിഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. ലാറ്ററല്‍ എന്‍ട്രി പോലുള്ള ബി.ജെ.പിയുടെ ഗൂഢാലോചനകളെ എന്ത് വില കൊടുത്തും പരാജയപ്പെടുത്തുമെന്നും ഭരണഘടനയും സംവരണവും എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്നും രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നാണ് ലാറ്ററല്‍ എന്‍ട്രി സംബന്ധിച്ച പരസ്യം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചത്.
‘ഇന്ത്യന്‍ ഭരണഘടനയും സംവരണവും ഞങ്ങള്‍ എന്ത് വില കൊടുത്തും സംരക്ഷിക്കും. ബി.ജെ.പിയുടെ ലാറ്ററല്‍ എന്‍ട്രി പോലുള്ള ഗൂഡാലോചനകളെ ഞങ്ങള്‍ എന്ത് വില കൊടുത്തും പരാജയപ്പെടുത്തും. ഞാന്‍ വീണ്ടും പറയുന്നു – 50 ശതമാനം എന്ന പരിധി ലംഘിച്ചുകൊണ്ട് ജാതിക്കണക്കുകളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ സാമൂഹ്യനീതി നടപ്പാക്കും. ജയ്ഹിന്ദ്.’ -രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ലാറ്ററല്‍ എന്‍ട്രി വഴി സ്വകാര്യമേഖലയില്‍ നിന്ന് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള പരസ്യം പിന്‍വലിക്കാന്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് യു.പി.എസ്.സിയോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രി യു.പി.എസ്.സി. അധ്യക്ഷന്‍ കത്ത് നല്കി. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടിയെന്ന് കത്തില്‍ വ്യക്തമാക്കുന്നു.
സംവരണം അട്ടിമറിക്കനാണ് സര്‍ക്കാര്‍ നീക്കമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. പ്രതിപക്ഷ വിമര്‍ശനത്തിനെതിരെ ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും രംഗത്തെത്തിയെങ്കിലും സഖ്യകക്ഷിമന്ത്രിയായ ചിരാഗ് പസ്വാനും നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് വിവാദ നീക്കം പിന്‍വലിക്കുന്നത്.