കോഴിക്കോട്: പാലക്കാട് പൊലീസ് പരിശോധന ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ഉപതെരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പൊലീസ് പരിശോധന നടത്തിയതിനു പിന്നാലെ ഫേസ്ബുക്ക് ലൈവിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
താന്‍ പാലക്കാടല്ല, കോഴിക്കോടാണുള്ളതെന്നു വ്യക്തമാക്കി ബുധനാഴ്ച പുലര്‍ച്ചെ രണ്ടരക്കാണ് കോഴിക്കോട് ടൗണ്‍ സ്റ്റേഷന് മുന്നില്‍നിന്ന് രാഹുല്‍ ലൈവില്‍ എത്തിയത്. ‘ഒരുട്രോളി ബാഗ് നിറയെ പണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ പാലക്കാട്ട് ഹോട്ടലിലെത്തിയെന്നാണ് ബി.ജെ.പി-സി.പി.എം ആരോപണം. ഞാനുള്ളത് കോഴിക്കോടാണ്. എന്റെ ട്രോളിബാഗില്‍ പണമില്ല, രണ്ടുദിവസത്തെ വസ്ത്രമുണ്ട്. നാളെ കാന്തപുരം ഉസ്താദിനെ കാണാനായാണ് കോഴിക്കോട് എത്തിയത്’ -രാഹുല്‍ പറഞ്ഞു.
സിപിഐഎമ്മിന്റെ പരാജയഭീതിയാണ് ഇതിന് കാരണമെന്നും നിയമപരമായും രാഷ്ട്രീയപമായും നേരിടുമെന്നും രാഹുല്‍് പറഞ്ഞു.എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും പാലക്കാട്ടെ ജനങ്ങള്‍ ഇരുപതാം തീയതി ഇതിനെതിരെ പ്രതികരിക്കുമെന്നും രാഹുല്‍ പറഞ്ഞു.