ബിജെപിയോട് ഇടഞ്ഞ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്. പാര്‍ട്ടി ഓഫീസിലെത്തിയ സന്ദീപിനെ സ്വാഗതം ചെയ്ത് കെ.സുധാകരന്‍. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്ള വേദിയില്‍വെച്ച് കെ സുധാകരന്‍ സന്ദീപ് വാര്യരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.അഭിവാദ്യം വിളിച്ച് കൊണ്ട് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
ബിജെപിയില്‍ ചവിട്ടി മെതിക്കപ്പെട്ടെന്നും ബിജെപി വിടാന്‍ കാരണം കെ.സുരേന്ദ്രനും സംഘവുമാണെന്നും സന്ദീപ് പറഞ്ഞു. ബി.ജെ.പി വെറുപ്പ് മാത്രം ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നാലെ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് സന്ദീപ് വാര്യരുടെ പ്രതികരണം.
വെറുപ്പ് ഉല്‍പ്പാദിപ്പിക്കുന്നിടത്ത് സ്‌നേഹവും കരുതലും പ്രതീക്ഷിച്ചതാണ് താന്‍ ചെയ്ത തെറ്റ് ,സിപിഎം ബിജെപി ഡീലിനെ എതിര്‍ത്തതാണ് താന്‍ ചെയ്ത കുറ്റമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതേതര ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനത്തിനകത്ത് പ്രവര്‍ത്തിക്കണമെന്ന നിഷ്‌കര്‍ഷതയുടെ അടിസ്ഥാനത്തിലാണ് സന്ദീപ് കോണ്‍ഗ്രസിലേക്ക് കടന്നുവന്നതെന്ന് കെ.സുധാകരന്‍ പറഞ്ഞു. അദ്ദേഹത്തില്‍ വലിയ പ്രതീക്ഷയുണ്ടെന്നും വരുംദിവസങ്ങളില്‍ അതിന്റെ പ്രതിഫലനങ്ങള്‍ കാണാമെന്നും കെ.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപിയുടെ മുഖവും ശബ്ദവുമായിരുന്നു സന്ദീപ് വാര്യര്‍. അദ്ദേഹം വെറുപ്പിന്റെയും വര്‍ഗീയതയുടെയും രാഷ്ട്രീയം വിട്ടു. സ്‌നേഹത്തിന്റെയും ചേര്‍ത്ത് നിര്‍ത്തലിന്റെയും രാഷ്ട്രീയം സ്വീകരിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. സന്ദീപ് വാര്യറെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.