പാലക്കാട്: സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) പ്രവര്‍ത്തകര്‍ അറസ്റ്റില്‍.വി.എച്ച്.പി ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍, ജില്ലാ സംയോജക് വി. സുശാസനന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. വേലായുധന്‍ എന്നിവരെ റിമാന്‍ഡ് ചെയ്തു.
വെള്ളിയാഴ്ച ഉച്ചയോടെ ചിറ്റൂര്‍ നല്ലേപ്പിള്ളി ഗവണ്‍മെന്റ് യു.പി സ്‌കൂളിലാണ് സംഭവം നടന്നത്. വിശ്വഹിന്ദുപരിഷത്തിന്റെ ജില്ലാ ഭാരവാഹി ഉള്‍പ്പെടെ മൂന്ന് പേര്‍ സ്‌കൂളിലെത്തി ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി.
സ്‌കൂള്‍ കുട്ടികളെ കരോള്‍ വസ്ത്രമണിയിച്ച് റാലി നടത്തിയതിനെ ചോദ്യം ചെയ്താണ് വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികള്‍ രംഗത്തെത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വെച്ച് അധ്യാപകരെ അസഭ്യം പറയുകയും ചെയതു. സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.